കാട്ടാക്കട: തോളില്‍ ഒരു ബാഗും തൂക്കി സോപ്പ് വേണമോ എന്നുചോദിച്ച് ഒരു കൊച്ചുമിടുക്കന് ലോക് ഡൗണിന് മുമ്പ് തിരക്കേറിയ നഗരത്തിലൂടെ പലപ്പോഴും നമ്മളെ പലരെയും കടന്നുപോയിട്ടുണ്ടാവും. പഠനചിലവിന് സ്വന്തമായി സോപ്പുണ്ടാക്കി വിറ്റു നടന്ന ആ കൊച്ചുപയ്യൻ പ്ലസ് ടു ഫലം വന്നപ്പോൾ 1073 മാർക്ക് നേടി സ്കൂളിൽ ഒന്നാമനായി.
ഒറ്റശേഖരമംഗലം തുടലി കൊങ്ങവിള വീട്ടിൽ കൂലിപ്പണിക്കാരായ സാധുരാജ് – ക്രിസ്റ്റൽ ബീന ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തയാളാണ് അഖിൽരാജ്. വലിയതുറ ഫിഷറീസ് സ്കൂളിലായിരുന്നു പഠനം. ദിവസേന 44 കി.മീറ്റർ അകലെയുള്ള സ്കൂളിലെത്താനും തിരികെ വരാനുമുള്ള വണ്ടിക്കൂലി, പുസ്തകം, ബുക്ക് ഇവയ്ക്കൊക്കെ നിത്യദാരിദ്ര്യത്തിൽ കഴിയുന്ന തന്റെ കുടുംബം കൂട്ടിയാൽ കൂടില്ലെന്ന് അഖിലിന് നന്നായറിയാം. തന്റെ പഠനചിലവുകൾക്കും, കുടുംബത്തിന് അൽപം ആശ്വാസവും നൽകാൻ പഠനത്തിനൊപ്പം തൊഴിലെന്ന ഗാന്ധിയൻ ആശയം അഖിൽ ജീവിതത്തിൽ പകർത്തി. സ്കൂളിൽ പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി പഠിപ്പിച്ച സോപ്പു നിർമ്മാണം ആരംഭിച്ചു. ചെറുപ്രായത്തില്‍ സ്വന്തമായി സോപ്പുണ്ടാക്കി വിറ്റ്, കിട്ടുന്ന പണം പഠനത്തിനും കുടുംബത്തിന് വേണ്ടിയും ചെലവഴിക്കുന്ന അഖിലിനെ കുറിച്ച് “ജന്മഭൂമി” മുമ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാർത്ത ജനശ്രദ്ധ പിടിച്ചുപറ്റിയതോടെ കച്ചവടം മെച്ചപ്പെട്ടുവെന്ന് അഖിൽ.
സ്കൂൾ സമയത്തിന് മുമ്പും ശേഷവും തമ്പാനൂരിലും ഈസ്റ്റ്ഫോര്‍ട്ടിലും ഒക്കെയായിരുന്നു അഖിലിന്റെ സോപ്പ് വിൽപ്പന. ലോക് ഡൗണായതിനാൽ ഇപ്പോൾ സമീപവാസികൾക്കിടയിലാണ് കച്ചവടം. ഒറ്റമുറി വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ”ഒരുപാട് പഠിക്കണം. എന്നിട്ട് ജോലിയൊക്കെ മേടിച്ചിട്ട് വീടുണ്ടാക്കണം. ഐഎസ്ആര്‍ഒ ഓഫീസറാകാനാണ് ആഗ്രഹം. എനിക്ക് ആകാശത്തെക്കുറിച്ചും നക്ഷത്രസമൂഹത്തെക്കുറിച്ചും സാറ്റലൈറ്റുകളെ കുറിച്ചുമൊക്കെ പഠിക്കാനാണ് ഇഷ്ടം.” അഖിലിന്റെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ഉയരം.
ലോക് ഡൗൺ കഴിയുമ്പോൾ വീണ്ടും വ്യാപകമായി സോപ്പ് നിര്‍മ്മാണവും വില്‍പ്പനയും ആരംഭിക്കാനാണ് അഖിലിന്റെ തീരുമാനം. തനിക്കിനി ബിരുദപഠനം, പത്താം ക്ലാസിൽ പഠിക്കുന്ന അനുജൻ ആശിഷ് രാജിന്റെ പഠന ചിലവുകൾ….. ചിലവുകൾ ഏറെയുണ്ട്. എല്ലാത്തിനും തന്റെ കൊച്ചു സംരംഭത്തിലൂടെ വരുമാനം കണ്ടെത്താനാകുമെന്ന് അഖിൽ പറയുന്നു. ആരുടെ മുന്നിലും കൈ നീട്ടാൻ ഒരുക്കമല്ല അഖിൽ. സഹായിക്കാൻ ആഗ്രഹിക്കുന്നവർ തന്റെ സോപ്പ് വാങ്ങിയാൽ മതിയെന്നും അഖിൽ.
ശിവാകൈലാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: