തൃശൂര്‍: കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതോടെ നഗരത്തില്‍ തിരക്കില്ല. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം വടക്കുന്നാഥ ക്ഷേത്രമൈതാനം ആളനക്കമില്ലാതെ വീണ്ടും ശൂന്യമായി. സ്വരാജ് റൗണ്ടിലേയും ജയ്ഹിന്ദ് മാര്‍ക്കറ്റിലെയും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. ബാങ്കുകളും മെഡിക്കല്‍ ഷോപ്പുകളും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഏതാനും കടകളും മാത്രമാണ് തുറന്നത്. നഗരത്തിലേക്കുള്ള എല്ലാ ഇടവഴികളും ബാരിക്കേഡ് വെച്ചും കയര്‍ കെട്ടിയും പോലീസ് അടച്ചിട്ടിരിക്കുകയാണ്. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തി.
അനാവശ്യമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി നടക്കുന്നവരെ പോലീസ് താക്കീത് നല്കി വിട്ടയച്ചു. കണ്ടെയ്മെന്റ് സോണില്‍ വെറുതെ ചുറ്റിക്കറങ്ങുന്ന വാഹനയാത്രക്കാരെ പട്രോളിങ് നടത്തുന്ന പോലീസ് തടഞ്ഞ് പിഴ ഈടാക്കുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും മാസ്ക് ധരിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചു. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ബാങ്കുകളിലേക്ക് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. ഓട്ടോയും മറ്റു വാഹനങ്ങള്‍ക്കും നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.
സ്വരാജ് റൗണ്ടിലേക്ക് സ്വകാര്യ ബസുകള്‍ക്ക് പ്രവേശനം അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ശക്തന്‍നഗര്‍ ബസ് സ്റ്റാന്റ്, വടക്കേ സ്റ്റാന്റ് എന്നിവിടങ്ങളില്‍ ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് കോര്‍പ്പറേഷനിലെ തേക്കിന്‍ക്കാട് ഡിവിഷന് ഉള്‍പ്പെടുന്ന നഗരം അടച്ചിടുന്നത്. കോര്പ്പറേഷന് ഓഫീസിലെ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരത്തേ നഗരം 10 ദിവസത്തോളം അടച്ചിട്ടിരുന്നു. ജയ്ഹിന്ദ് മാര്‍ക്കറ്റിലെ ലോട്ടറി വില്പ്പനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തേക്കിന്‍ക്കാട് ഡിവിഷന് ഇപ്പോള്‍ കണ്ടെയ്മെന്റ് സോണായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: