തൃശൂര്‍: കേരളത്തിലെ നവോത്ഥാന നായകരില്‍ പ്രമുഖനായ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച് വീണ്ടും സിപിഎം. പുതുക്കാട് ആറ്റപ്പിള്ളിയിലെ വായനശാലയുടെ പുതുക്കിപ്പണിത കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയെ അപമാനിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്. എസ്എന്‍ഡിപി ഹാളിലായിരുന്നു വായനശാലയുടെ ഉദ്ഘാടന പരിപാടികള്‍. ഹാളിന്റെ നടുവിലായി സ്ഥാപിച്ചിട്ടുള്ള ഗുരുദേവ പ്രതിമയെ മുഴുവനായും മറച്ചാണ് ഉദ്ഘാടനത്തിന്റെ ബാനര്‍ സിപിഎം പ്രവര്‍ത്തകര്‍ കെട്ടിയത്.
ഗുരുദേവ പ്രതിമ ഉള്‍പ്പെടാത്ത വിശാലമായ സ്ഥലം ഹാളിന്റെ സമീപത്തായുള്ളപ്പോഴായിരുന്നു ഹീനമായ പ്രവൃത്തി. ഗുരുദേവ പ്രതിമയുള്പ്പെട്ടിട്ടുള്ള സ്ഥലം ഉദ്ഘാടന ചടങ്ങിന് തെരഞ്ഞെടുത്ത് പ്രതിമ മുഴുവനായി മറച്ച് ഗുരുദേവനെ അപമാനിക്കുകയായിരുന്നു സിപിഎം. ഒരു ജനപ്രതിനിധിയുംസിപിഎം നേതാക്കളും ചേര്‍ന്നാണ് ഗുരുദേവ പ്രതിമയെ മറച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
പരിപാടിയില്‍ പങ്കെടുത്ത ചില വ്യക്തികള്‍ ഉദ്ഘാടനത്തിന്റെ ഫോട്ടോ സഹിതം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് വിവരം പുറത്തായത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ തന്നെ ഒരു വിഭാഗം സിപിഎം പ്രവര്‍ത്തകരും പൊതുജനങ്ങളും കടുത്ത അമര്‍ഷത്തിലാണ്. പൊതുപരിപാടിയായിട്ടു പോലും യാതൊരു പ്രതിഫലവും വാങ്ങാതെയാണ് ഹാള്‍ വിട്ടുനല്‍കിയതെന്ന് എസ്എന്‍ഡിപി ഭാരവാഹികള്‍ പറയുന്നു.
അതേസമയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റടക്കം പരിപാടിയില്‍ പങ്കെടുത്തതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. 25 പേരിലധികം പങ്കെടുക്കരുതെന്ന നിര്ദ്ദേശമിരിക്കേ 100ലധികം ആളുകള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇവരില്‍ 65 മുതല്‍ 85 വയസുള്ളവര്‍ വരെ ഉള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: