ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങളെ പ്രതിരോധിക്കുന്നതിനായി ഉറിയില്‍ ബങ്കുറകള് നിര്‍മിക്കാന്‍ ഒരുങ്ങി സൈന്യം. പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ നിന്നും ഗ്രാമവാസികളെ സംരക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഇവ പണിയുന്നത്. ഉറി മേഖലയില്‍ ആദ്യമായാണ് സൈന്യം ബങ്കറുകള്‍ പൊതുജനങ്ങള്‍ക്കായി നിര്‍മ്മിക്കുന്നത്.
ബങ്കറുകള്‍ പൂര്‍ത്തിയാകുന്നതോടെ അതിര്‍ത്തി മേഖലകളിലെ ജനങ്ങള്‍ക്ക് ഒരു പരിധിവരെ സംരക്ഷണം ഒരുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ജമ്മു കശ്മീര്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും ചേര്‍ന്നാണ് ഇവ നിര്‍മിക്കുന്നത്. കനത്ത ഷെല്ലാക്രമണങ്ങളെ ഇതുപയോഗിച്ച് പ്രതിരോധിക്കാന്‍ സാധിക്കും. സാമൂഹിക ബങ്കറുകളാണ് നിര്‍മ്മിക്കാന്‍ തുടങ്ങിയിരിക്കുന്നത്.
ബങ്കറുകള്‍ എല്ലാ സംവിധാനങ്ങളോടെയും കൂടിയാണ് തയ്യാറാക്കുന്നത്. ജനങ്ങള്‍ക്ക് നിരവധി ദിവസം താമസിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും ഇതിന്റ അകത്തളങ്ങള്‍. 10 ലക്ഷം രൂപയാണ് ഒരു സാമൂഹിക ബങ്കറിന്റെ ചെലവ്. ഒരു ശൗചാലയം, രണ്ടു റൂമുകള്‍ വരെ ഭൂമിക്കടിയിലെ ബങ്കറിനകത്തുണ്ടാകും.
നിലവില്‍ 18 സാമൂഹിക ബങ്കറുകളാണ് നിര്‍മ്മിക്കുന്നത്. ബോനിയാറിലും ഉറിയിലുമുള്ള ആറെണ്ണത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: