ബഹുമാന്യരേ, ലോകം കുറെ കാലമായി കമ്പ്യൂട്ടർ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പുതിയ ആശയങ്ങൾ ടെക്നോളജികളായി നമ്മളുടെ മുന്നിൽ എത്തുകയും നമ്മളുടെ നിത്യജീവിതം എളുപ്പമാക്കുകയും ചെയ്യുന്നു. ഒരു പുതിയ ടെക്നോളജി ഉൽഭവിക്കപ്പെട്ടാൽ അതിന്റെ ഉപയോഗങ്ങൾ പലതാണ്. പലർക്കും ഒരു ടെക്നോളജിയെ കൊണ്ടുള്ള ഉപയോഗം പലതാണ്. അതുകൊണ്ടുതന്നെ ഒരു ടെക്നോളജി നമ്മൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്നു കണ്ടുപിടിക്കണ്ട ഉത്തരവാദിത്വം നമ്മൾക് തന്നെയാണ്. അത്തരമൊരു ടെക്നോളജിയുടെ ഉപയോഗത്തെ കുറിച്ചാണ് ഞാൻ ഇന്ന് ആശയം പ്രകടിപ്പിക്കാൻ പോകുന്നത്.
ഭക്ഷണവും വെള്ളവും ഇല്ലാതെ മാനവരാശിക്ക് ജീവൻ നിലനിർത്താൻ സാധ്യമല്ല. അതുകൊണ്ടുതന്നെ നിരന്തര ലഭ്യത ഉറപ്പു വരുത്തുന്ന കാര്യങ്ങളിൽ ഇവ പെടുന്നു. കാർഷികമേഖലയിൽ മുന്നിൽ ആയിരുന്ന നമ്മളുടെ കൊച്ചു കേരളം ഇന്ന് കൃഷി ചെയ്യാൻ താൽപര്യക്കുറവ് കാണിക്കുന്നു, കർഷകരെ പുച്ഛിച്ചു തള്ളുന്നു. കാരണം മറ്റൊന്നുമല്ല , ടെക്നോളജി നമ്മളുടെ ജീവിതത്തെ അത്രത്തോളം സ്വാധീനിച്ചിരിക്കുന്നു. നമ്മളുടെ ജീവിതകാര്യങ്ങൾ നിരന്തരം എളുപ്പമായി വരുമ്പോൾ അധ്വാനിക്കാനുള്ള മനസ്സ് എന്നെ നമ്മളിൽ നിന്ന് വിട്ടു പോയിട്ടുണ്ടെന്ന് ഓർക്കുക. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽ നിന്നും എത്തിച്ചേരുന്ന പച്ചക്കറിയും അരിയും മുടങ്ങിയാൽ തീരാവുന്നതേയുള്ളു നമ്മളുടെ ഈ സ്വഭാവം. ഇപ്പോഴുള്ള ജനറേഷൻ വാർധക്യത്തിൽ എത്തുമ്പോളേക്കും താരതമ്യേനെ കേരളത്തിൽ കൃഷി ക്രമാതീതമായി കുറയും എന്നു കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. എല്ലാ ഭക്ഷ്യവസ്തുക്കളും അയൽ സംസ്ഥാനങ്ങളിൽനിന്ന് വാങ്ങേണ്ട സ്ഥിതി വരുമ്പോൾ രാസവസ്തുക്കളും വിഷവും ചേർത്തതാവും മുക്കാൽ സാധനങ്ങളും വരുക എന്നതിന് സംശയമില്ല. അതുകൊണ്ടുതന്നെ ആവശ്യത്തിനുവേണ്ടിയുള്ള പച്ചക്കറികൾ നമ്മൾ തന്നെ ഉല്പാദിപ്പിക്കുന്നതാണ് നല്ലതെന്നു കരുതുന്നു.
ഇന്റർനെറ്റ് ഓഫ് തിങ്സിനെ പറ്റി നമ്മൾ ധാരാളം കേട്ടിട്ടുള്ളതാണ്. നമ്മൾ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകൾ തമ്മിൽ ബന്ധപ്പെടാൻ സാധിക്കുന്ന ടെക്നോളജി ആണ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്. കമ്പ്യൂട്ടർ യുഗത്തിൽ ജനിച്ച നമ്മൾക്ക് പ്രാചീന രീതി പ്രകാരം കൃഷി ചെയ്യുന്നത് അത്യധികം പ്രയാസമേറിയ കാര്യമാണ്. നമ്മളുടെ സമയം, ജോലി അങ്ങനെ പല പ്രയാസങ്ങളും ഇതിൽ നിന്ന് നമ്മെ തടുക്കുന്നു. ബുദ്ധിപരമായി ചിന്തിച്ചാൽ ഒരു ടെക്നോളജിയെ മുൻനിർത്തി ഇത് രണ്ടും നമുക്ക് സാധിച്ചെടുക്കാവുന്നതാണ്. അത്തരം ഒരു ടെക്നോളജി ആണ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്.
ചെറിയ തോതിൽ ഉള്ള കൃഷിസ്ഥലത്തു ബുദ്ധിപരമായി പച്ചക്കറികൾ കൃഷി ചെയ്യാനാണ് നമ്മൾ ശ്രമിക്കേണ്ടത്. അത് ഒരു പക്ഷെ വീടിന്റെ മേൽക്കൂരയാവാം, അല്ലെങ്കിൽ മറ്റു സ്ഥലങ്ങളും ആവാം. ഗാഡ്ജെറ്റുകൾ തമ്മിൽ ഉള്ള ബന്ധപ്പെടലിനു പുറമെ ചെറിയ തോതിലുള്ള ഗാഡ്ജെറ്റുകൾ എളുപ്പത്തിൽ ഉണ്ടാക്കാനും നമ്മുക്ക് സാധിക്കുന്നതാണ്. അതിനു വേണ്ടിയുള്ള മൈക്രോകൺട്രോളറുകൾ, പിസിബി ബോർഡുകൾ,വിവിധ തരാം സെൻസറുകൾ ആമസോൺ പോലുള്ള സ്റ്റോറുകളിൽ എളുപ്പത്തിൽ നമ്മുക്ക് മേടിക്കാവുന്നതാണ്. ചെറിയ തോതിൽ പ്രോഗ്രാം എഴുതാനുള്ള കഴിവും കുറച്ചു എലെക്ട്രോണിക്സും വശമുണ്ടെങ്കിൽ നമുക്ക് വിവിധതരം ഗാഡ്ജറ്റുകൾ ഉണ്ടാക്കാൻ പറ്റുന്നതാണ്. നമ്മളുടെ ആശയം പച്ചക്കറി ഉത്പാദനം ആയതുകൊണ്ട് അതിനെ സംബന്ധിച്ചുള്ള ഗാഡ്ജെറ്റുകൾ വികസിപ്പിച്ചെടുക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത്. ഇലക്ട്രോണിക്സ് അല്ലേൽ ഐ ടി മേഖലയിൽ ഉള്ളവർക്ക് ഇത് കുറച്ചുകൂടി എളുപ്പമായിരിക്കും.
വിവിധ തരം മൈക്രോകൺട്രോളറുകൾ ലഭ്യമാണ് അതിൽ പ്രാധാന്യം ഏറിയവയാണ് അർഡുവിനൊ ഉണോ ആർ ത്രീ, പാർട്ടിക്കിൾ ഫോട്ടോൺ, ഇ എസ് പി 8266 നോട് എം സി യൂ എന്നിവ. വിവിധ തരം ഇൻപുട്ട് ഔട്പുട്ട് പിന്നുകൾ ഘടിപ്പിച്ചവയാണ് ഇവ. എളുപ്പമായിട്ടുള്ള പ്രോഗ്രാം വഴി നമുക്ക് ഈ പിന്നുകൾ കണ്ട്രോൾ ചെയ്യാൻ സാധിക്കും. സെന്സറുകളിൽ നിന്ന് ഇൻഫർമേഷൻ ലഭിക്കാനും തിരിച്ചു് അയക്കാനും ഇവ ഉപകാരപ്പെടും. പുതിയ തരം മൈക്രോകൺട്രോളറുകൾ ഇപ്പോൾ ലഭ്യമാണ്. ബ്ലൂടൂത്ത് വൈഫൈ സവിശേഷതകളോടുകൂടി വരുന്നതാണ് ഇവ. അതുകൊണ്ട് തന്നെ നമുക്കു ഒരു യൂസർ ഇന്റർഫേസ് പ്രോഗ്രാം ചെയ്തു എവിടുന്നുവേണമെങ്കിലും ഇൻഫർമേഷൻ ലഭ്യമാക്കാനും ഗാഡ്ജറ്റിനെ കണ്ട്രോൾ ചെയ്യാനും സാധിക്കുന്നതാണ്.
കുറച്ചുകൂടി സവിശേഷതകൾ ഉള്ളവയാണ് സിംഗിൾ ബോർഡ് കംപ്യൂട്ടറുകൾ. റാസ്പ്ബെറി പൈ, ഇന്റൽ എഡിസൺ എന്നിവയാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നത്. ഒരു കംപ്യൂട്ടറിന്റെ എല്ലാ സവിശേഷതകളും സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റവും ഉള്ളവയാണ് ഇവ. വലിയ ഗാഡ്ജറ്റുകൾ, റോബോട്ടിക്സ് എന്നിവക്കു ഇവ ഉപകാരപ്പെടും, അതുകൊണ്ടുതന്നെ നമ്മൾക്ക് ഇപ്പോൾ അത് ആവശ്യമല്ല.
മൈക്രോകൺട്രോളറുകളിൽ ഉപയോഗിക്കാൻ സാധ്യമാവുന്ന വിവിധ തരം ഉപകരണങ്ങൾ ലഭ്യമാണ്. വിവിധ തരം സെൻസറുകൾ, ഇലക്ട്രോണിക്സ് സാമഗ്രികൾ, സ്ക്രീനുകൾ, ശബ്ദം പുറപ്പെടുവിക്കാനുള്ള ഉപകരണങ്ങൾ,ക്യാമറകൾ ഇവയിൽ പെടുന്നു. പച്ചക്കറി ഉത്പാദനത്തിൽ എങ്ങനെ ഇവ സഹായകരമാകും എന്നാണ് നമ്മൾ അന്വേഷിക്കേണ്ടത്. അതുകൊണ്ടുതന്നെ പച്ചക്കറി കൃഷി എളുപ്പമാക്കാൻ സഹായകരമാകുന്ന ഗാഡ്ജറ്റുകളുടെ മൂന്ന് ആശയങ്ങളാണ് ഞാൻ പങ്കുവെക്കാൻപോകുന്നത്…
1.സ്മാർട്ട് പ്ലാന്റ് വാട്ടറിങ് സിസ്റ്റം
കൃഷിവകുപ്പിൽ ബന്ധപ്പെട്ടാൽ ഓരോ പച്ചക്കറിക്കും ദൈനംദിനം വേണ്ടിവരുന്ന നനവിന്റെ അളവ് നമുക്ക് മനസിലാക്കാം. ദിവസവും ഒരേ അളവിൽ വെള്ളം നനക്കുന്നതിനു പകരം ചെടികൾക്കു ആവശ്യം വേണ്ടപ്പോൾ മാത്രം വെള്ളം നനക്കാൻ ഈ ആശയം സഹായപ്രദമാകും. നമ്മൾക്ക് ആവശ്യം ഒരു അർഡുവിനൊ മൈക്രോകൺട്രോളർ, ഒരു ചെറിയ സെർവോ പമ്പ്, ഒരു റിലേ, ഒരു സോയിൽ മോയ്സ്ചർ സെൻസർ എന്നിവയാണ്. സോയിൽ മോയ്സ്ചർ സെന്സറിൽനിന്നു നമുക്ക് കിട്ടുന്ന ഡാറ്റ നമ്മൾ പ്രോഗ്രാം വെച്ച് താരതമ്യം ചെയ്യുന്നു. മോയ്സ്ചർ അളവ് കുറവാണെങ്കിൽ നമ്മൾ പമ്പ് ഓൺ ആക്കുന്നു. മോയ്സ്ചർ അളവ് പാകമായാൽ നമ്മൾ പമ്പ് ഓഫാക്കുന്നു. ഇത്തരത്തിൽ നമ്മൾ പ്രോഗ്രാം ചെയ്താൽ അളവിനനുസരിച് വെള്ളം ചെടികൾക്ക് നൽകാം. പമ്പ് ഘടിപ്പിച്ച പൈപ്പും അതിൽ നിന്ന് വരുന്ന വെള്ളത്തിന്റെ തോതും ശ്രദ്ധയിൽ വെച്ചിട്ടു വേണം അളവുകൾ കണക്കുകൂട്ടാൻ എന്നു പ്രേത്യേകം ശ്രെദ്ധിക്കുക. മൈക്രോകൺട്രോളറിന് പവർ ഡയറക്റ്റ് ആയിട്ടോ ബാറ്ററി ഉപയോഗിച്ചോ സോളാർ പാനൽ ഉപയോഗിച്ചോ നൽകാവുന്നതാണ്.
2.സ്മാർട്ട് സോയിൽ ടെസ്റ്റിംഗ് സിസ്റ്റം
ചെറിയ തോതിലുള്ള പച്ചക്കറി ഉത്പാദനം ആയതിനാൽ അതിനു വേണ്ടിയുള്ള സോയിൽ ടെസ്റ്റിംഗ് ചെറിയതോതിൽ നടത്തുവാൻ ഈ ഗാഡ്ജറ്റ് ഫലപ്രദമാവും. നമ്മൾക്ക് ആവശ്യം ഒരു മൈക്രോകൺട്രോളർ, സോയിൽ മോയ്സ്ചർ സെൻസർ, ഹ്യൂമിഡിറ്റി സെൻസർ, ടെമ്പറേച്ചർ സെൻസർ പിന്നെ എലെക്ട്രോകെമിക്കൽ സെൻസർ. എലെക്ട്രോകെമിക്കൽ സെൻസർ വെച്ച് മണ്ണിലെ ഘടകങ്ങളുടെ അളവ് വേർതിരിക്കാൻ പറ്റുന്നതാണ്. അന്തരീക്ഷ ഊഷ്മാവും താപനിലയും പിന്നെ മണ്ണിലെ നനവും സമ്പാദിച്ചു ശേഖരിക്കാൻപറ്റുന്ന വിവരങ്ങളും നമ്മൾക് അളവുകൾ വേർതിരിക്കാൻ ഫലപ്രദമാവും. അളവുകൾ ഒരു സ്ക്രീൻ ഘടിപ്പിച്ചു പ്രദർശിപ്പിക്കുക അല്ലെങ്കിൽ കമ്പ്യൂട്ടറിൽ തന്നെ പ്രദർശിപ്പിക്കുക. ബീപ്പർ പോലുള്ള ശബ്ദ ഉപകരണങ്ങളും ഉപയോഗിക്കാവുന്നതാണ്. ഇടക്കിടെ നമ്മളുടെ ചെറിയ ഉത്പാദനത്തിന് ഉപയോഗിക്കുന്ന മണ്ണ് ഇങ്ങനെ ടെസ്റ്റ് ചെയുന്നത് ഫലപ്രദമാണ്.
3.സ്മാർട്ട് ഫോട്ടോൺ ഇന്റെൻസിറ്റി ടെസ്റ്റിംഗ് സിസ്റ്റം
ഫോട്ടോസിന്തസിസ് പ്രക്രിയയുടെ അളവ് കണ്ടുപിടിക്കാൻ ഉപകരിക്കുന്ന ഒരു ആശയമാണ് ഇത്. അളവ് കണ്ടുപിടിച്ചു കഴിഞ്ഞാൽ ചെടിയുടെ ആരോഗ്യം നമ്മൾക്ക് അളക്കാൻ പറ്റുന്നതാണ്. ഒരു എൽ ഡി ആർ മൊഡ്യുളും ഒരു മൈക്രോകൺട്രോളറും കൊണ്ട് നമ്മുക് ഇത് എളുപ്പത്തിൽ സാധിച്ചെടുക്കാം. എൽ ഡി ആർ മോഡ്യൂളിൽ നിന്ന് വരുന്ന ഡാറ്റ കമ്പ്യൂട്ടറിൽ നമ്പർ ആയിട്ടോ ഗ്രാഫ് ആയിട്ടോ പ്ലോട്ട് ചെയ്യാവുന്നതാണ്. ഓരോ ചെടികളുടെയും ഫോട്ടോൺ അളവ് വെച്ച് നമുക്ക് അവയുടെ ആരോഗ്യം അളക്കാൻ സാധിക്കും.
അധികം ചെലവുകൾ ഇല്ലാതെ നമ്മളെ സഹായിക്കാൻ പറ്റുന്ന സംവിധാനം ആണ് മുകളിൽ എഴുതിയവ. ടെക്നോളജി നമ്മളുടെ ആരോഗ്യശീലങ്ങളെ മാറ്റിമറിക്കുന്നു. അതെ ടെക്നോളജി വെച്ച് നമ്മളുടെ ആരോഗ്യശീലങ്ങളെ മെച്ചപ്പെടുത്തുവാൻ സാധിക്കുന്നതാണ് സാമർഥ്യം. കേരളനാടിന്ടെ കാർഷിക മഹത്വവും വിഷമില്ലാത്ത പച്ചക്കറി ഉത്പാദനവും നമുക്ക് ഇനിയും കൈക്കൊള്ളാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: