തൃശൂര്‍: ചാവക്കാട് നഗരസഭയിലെ താല്‍ക്കാലിക ജീവനക്കാരിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചാവക്കാട് മേഖലയില്‍ വീണ്ടും ആശങ്ക. നഗരസഭയിലെ നൈപുണ്യ പരിശീലന(എന്‍യുഎല്‍എം) വിഭാഗത്തിലെ ജീവനക്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നഗരസഭ അധ്യക്ഷന്‍ എന്‍.കെ. അക്ബര്‍ ഉള്‍പ്പെടെ കൗണ്‍സിലര്‍മാരും നഗരസഭ ജീവനക്കാരും അടക്കം നൂറോളം പേര്‍ സ്വയം നിരീക്ഷണത്തില്‍ പോയി.
കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങി നൂറോളം പേരുടെ സ്രവം താലൂക്ക് ആശുപത്രിയില്‍ പരിശോധനക്കെടുത്തു. കുന്നംകുളം, ചാവക്കാട് നഗരസഭകളുടെ ചുമതലയുള്ള എന്‍യുഎല്‍എം ഉദ്യോഗസ്ഥനില്‍ നിന്നാകാം രോഗം പകര്‍ന്നതെന്ന് കരുതുന്നു. ആഴ്‌ച്ചയില്‍ രണ്ട് ദിവസം ഈ ഉദ്യോഗസ്ഥന്‍ ചാവക്കാട് എത്തും. ഈ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍യുഎല്‍എം വിഭാഗത്തിലെ രണ്ട ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയും ഇവരുടെ സ്രവം പരിശോധനക്കയക്കുകയും ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ക്കാണ് രോഗമുണ്ടെന്ന് തെളിഞ്ഞത്.
ഒരു മാസം മുമ്പ് താലൂക്ക് ആശുപത്രിയിലെ ഒമ്പത് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയും ചാവക്കാട് നഗരവും അടച്ചു പൂട്ടിയിരുന്നു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും രോഗമില്ലെന്ന് തെളിഞ്ഞതോടെ ജനജീവിതം സാധാരണ ഗതിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത്. സാധാരണ നിലയിലാ ചാവക്കാട് വീണ്ടും ഭീതിയിലേക്ക് വഴിമാറുകയാണ്. ആരോഗ്യപ്രവര്‍ത്തകരും പോലീസും നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: