കൊച്ചി: സ്വര്‍ണക്കടത്തും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുത്തഴിഞ്ഞ പ്രവര്‍ത്തനവും സിപിഎം കേന്ദ്ര നേതൃത്വത്തിലും പോര്‍മുഖം തുറക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തെത്തി. അതേസമയം, ദിവസങ്ങളായി തുടരുന്ന വിവാദത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയാറായിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാക്കി കാരാട്ട് പക്ഷത്തിനെതിരെ ആയുധമാക്കാനാണ് യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നീക്കം. കേന്ദ്രത്തിലെ ബലാബലത്തില്‍ കാരാട്ടിനൊപ്പമാണ് പിണറായി.
മുഖമാസികയായ ‘പീപ്പിള്‍സ് ഡമോക്രസി’യിലൂടെയാണ് പിണറായിക്കും സംസ്ഥാന സര്‍ക്കാരിനുമുള്ള പിന്തുണ കാരാട്ട് വ്യക്തമാക്കിയത്. ഇടത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപിയും യുഡിഎഫും സ്വര്‍ണക്കടത്ത് കേസ് ഉപയോഗിക്കുകയാണെന്ന് എഡിറ്ററായ കാരാട്ട് എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. കൊവിഡ് പ്രതിരോധത്തില്‍ ജയിച്ച സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ത്താനാണ് ശ്രമം. സംസ്ഥാനത്ത് അടുത്തിടെയായി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ബിജെപിയും കോണ്‍ഗ്രസ്സും സമരവുമായി തെരുവിലാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്ത് വര്‍ഷങ്ങളായുള്ളതാണ്. കൊവിഡിന് ശേഷം ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ആരംഭിച്ചതോടെയാണ് സ്വര്‍ണക്കടത്തില്‍ കുതിപ്പുണ്ടായതെന്ന വിചിത്ര വാദവും കാരാട്ട് ഉന്നയിക്കുന്നു. രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുമെന്ന് അറിഞ്ഞിട്ടും എന്‍ഐഎക്ക് പുറമെ സിബിഐ, റോ എന്നിവയുടെ ഇടപെടലും കോണ്‍ഗ്രസ് ആവശ്യപ്പെടുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ ഇടത് സര്‍ക്കാരിനെ രാഷ്ട്രീയമായി കേന്ദ്ര ഏജന്‍സികള്‍ സമീപിക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും എഡിറ്റോറിയല്‍ വിശദീകരിക്കുന്നു. എന്‍ഐഎ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്ന കാരാട്ട് സംസ്ഥാന ഘടകം ഉന്നയിക്കാത്ത ആരോപണമാണ് ഉയര്‍ത്തുന്നത്.
സ്വര്‍ണക്കടത്ത് പിടിക്കപ്പെട്ടതിന് പിന്നാലെ വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യില്ലെന്ന് കാരാട്ട് പ്രതികരിച്ചിരുന്നു. ഇത് മറികടന്ന് കേന്ദ്ര കമ്മിറ്റിയില്‍ വിഷയമെത്തിക്കാനാണ് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ യെച്ചൂരിയുടെ നീക്കം. സ്വര്‍ണക്കടത്തിന് പുറമെ പിണറായി സര്‍ക്കാര്‍ ഇടത് നയത്തില്‍നിന്ന് വ്യതിചലിച്ചെന്ന കുറ്റപത്രവും അണിയറയില്‍ ഒരുക്കിയിട്ടുണ്ട്.
വിദേശ കമ്പനികള്‍ക്ക് കണ്‍സള്‍ട്ടന്‍സി കരാറുകള്‍ നല്‍കുന്നതാണ് വിഷയമാകുന്നത്. ഭരണത്തില്‍ പാര്‍ട്ടിക്ക് പങ്കാളിത്തമില്ലെന്ന പരാതി സംസ്ഥാന നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ട്. കഴിഞ്ഞ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനവും യെച്ചൂരി പക്ഷത്തിന് ആവേശം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: