ന്യൂദല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. മുഖ്യപ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് യുഎഇ പോലീസിന്റെ പിടിയില്‍. ഇയാളെ ഇന്ത്യയില്‍ എത്തിക്കുവാനുള്ള നടപടികള്‍ കേന്ദ്ര ആഭ്യന്തര -വിദേശകാര്യ മന്ത്രാലയങ്ങള്‍ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും, കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയുമായ ഫൈസല്‍ ഫരീദ് ദുബായ് പോലീസിന്റെ പിടിയിലായത്.
ഇന്ത്യയുടെ ആവശ്യ പ്രകാരം ഫൈസലിനു വേണ്ടി ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസും, ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയും യുഎഇ യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതിനേത്തുടര്‍ന്ന് ഫൈസലിന് രാജ്യം വിടാന്‍ കഴിഞ്ഞില്ല. ദുബായ് പോലീസ് മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണ് ഇയാള്‍ താമസിച്ചിരുന്ന കേന്ദ്രത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മുന്‍പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്ത് റാക്കറ്റിലെ ഫെസിലിറ്റേറ്ററാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നു. ഗള്‍ഫില്‍ സ്വര്‍ണം സംഘടിപ്പിക്കല്‍, ഡിപ്ലോമാറ്റിക് ബാഗേജിലെ പാക്കിങ് എന്നിവ ഇയാളുടെ ഉത്തരവാദിത്തമായിരുന്നു. മുമ്പും നിരവധി തവണ ഫൈസല്‍ ഇത്തരത്തില്‍ സ്വര്‍ണം പാക്ക് ചെയ്ത് കടത്തിയിട്ടുണ്ട്. തിരുവനന്തപു
രത്തെത്തിയ സ്വര്‍ണം പാക്ക് ചെയ്തതും ഫൈസലിന്റെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദുബായ്, ഷാര്‍ജ അതിര്‍ത്തിയിലെ ഹിസൈസിലെ ഫാക്ടറിയാണ് പാക്കിങ്ങിനായി തെരഞ്ഞെടുത്തത്. ഒരു മലയാളിയുടെ ഫാക്ടറിയാണ് ഇത്. കൊറോണ മൂലം അടഞ്ഞ് കിടന്ന ഫാക്ടറി സ്വര്‍ണം പാക്ക് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു. സ്വര്‍ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിനും പങ്കുണ്ടൈന്ന് സംശയിക്കുന്നതിനാല്‍ യുഎഇയും കേസ് അന്വേഷിക്കുന്നുണ്ട്. ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യുഎഇയുടെ വിലയിരുത്തല്‍. ഇതിനാല്‍ ഇയാളെ നാടുകടത്തുവാനുള്ള നടപടികള്‍ യുഎഇ പൂര്‍ത്തിയാക്കി.
സ്വര്‍ണക്കടത്തിനേക്കുറിച്ചും മറ്റും വിശദ അന്വേഷണം നടത്തുന്നതിന് അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യണമെന്ന തീരുമാനത്തിലാണ് എന്‍ഐഎ. ഇപ്പോള്‍ യുഎഇയിലുള്ള അറ്റാഷെയെ അവിടെ ചെന്ന് ചോദ്യം ചെയ്യുന്നതും എന്‍ഐഎയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: