കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായക സംഭവ വികാസങ്ങള്‍. വിവാദത്തിലുള്‍പ്പെട്ട യുഎഇ അറ്റാഷെയുടെ ഗണ്മാന് എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്ഘോഷ് കൈ ഞരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. തന്നെ എന്‍ഐഎ ചോദ്യം ചെയ്യുമെന്നും നടപടിയുണ്ടാകുമെന്നും ഭയന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് സൂചന. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയ്ഘോഷിന്റെ നില മെച്ചപ്പെട്ടു.
അതിനിടെ കസ്റ്റംസും എന്‍ഐഎയും, സ്വര്‍ണക്കടത്തുകേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വസതിയില്‍ റെയ്ഡു നടത്തി തെളിവു ശേഖരിച്ചു, ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. അതിനു പുറമേ കസ്റ്റംസ് കോഴിക്കോട് അരക്കിണറിലെ ഹെസ ജ്വല്ലറിയില്‍ റെയ്ഡ് നടത്തി 3.45 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 1.45 കോടി രൂപ വില വരും. ഉടമകളായ ഷമിം, ജിപ്സണ്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. കേസില്‍ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരുടെ പങ്കും കൂടുതല്‍ വ്യക്തമായി. സ്വര്‍ണം വന്ന ദിവസം യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പലരും സ്വപ്നയെ പലകുറി വിളിച്ചതായി കസ്റ്റംസ് കണ്ടെത്തി.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ നൂറിലേറെ കോളുകള്‍ രണ്ടു നമ്പറുകളില്‍ നിന്ന് സ്വപ്നയുടെ ഫോണിലേക്ക് വന്നിട്ടുണ്ട്. അറ്റാഷെയുടെ നമ്പറുകളില്‍ നിന്നും കോളുകളുണ്ട്. കേസില്‍ അറസ്റ്റിലായ റമീസും സന്ദീപും പല കുറി ദുബായ്യില് നിന്ന് സ്വര്‍ണം കടത്തിയിരുന്നുവെന്നും റമീസിന്റെ കടത്ത് രണ്ടു തവണ പിടിച്ചിരുന്നതായും വെളിവായി. സ്വപ്നയുടെ കെഎല്‍-01 സി കാര്‍ എന്‍ഐഎ പിടിച്ചെടുത്തതായും സൂചനയുണ്ട്. കസ്റ്റംസിന്റെ പിടിയിലായ ഒന്നാം പ്രതി സരിത്തിനെ ഇന്നലെ എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങി. തങ്ങളുടെ പക്കലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമിരുത്തി സരിത്തിനെ ചോദ്യം ചെയ്യും. ഇതോടെ സ്വര്‍ണം കടത്തിയത് ആര്‍ക്കു വേണ്ടിയാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: