നെടുങ്കണ്ടം: പുഷ്പക്കണ്ടം അണക്കരമെട്ടില്‍ വീണ്ടും കാട്ടാന ആക്രമണം, ഒരു വീട് തകര്‍ത്തു. നിരവധി പേരുടെ കൃഷിദേഹണ്ഡങ്ങള്‍ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് കേരള- തമിഴ്നാട് അതിര്‍ത്തിയായ അണക്കരമെട്ടില്‍ കാട്ടാനക്കൂട്ടം നാശം വിതച്ചത്.
അണക്കരമെട്ട് സ്വദേശി ഗംഗാധരന് പിള്ളയുടെ വീട് പൂര്‍ണമായും അടിച്ചുതകര്‍ത്തു. സിമന്റ് ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച് ആസ്ബറ്റോസ് ഷീറ്റിട്ട വീടാണ് പൂര്‍ണമായും നശിപ്പിച്ചത്. ഈ സമയം ഇദ്ദേഹം ചോറ്റുപാറയിലുള്ള വീട്ടിലായിരുന്നതിനാല്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടു. ഇദ്ദേഹത്തിന്റെ പുരയിടത്തിലെ നിരവധി വാഴകളും അറുപതോളം ഏലച്ചെടികളും നശിപ്പിച്ചു.
അയല്‍വാസിയായ വിജയരാജിന്റെ എഴുപതോളം ഏലച്ചെടികളും ഇവിടെ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന എഴുകുംവയല്‍ സ്വദേശിയായ സന്തോഷിന്റെ എണ്‍പതോളം ഏലച്ചെടികളും നശിപ്പിക്കപ്പെട്ടു. അജീഷ് കുമാറിന്റെ പുരയിടത്തിലെത്തിയ കാട്ടാനകള്‍ പ്ലാവില്‍ നിന്ന് ചക്കകള്‍ പറിച്ച് തിന്നതിന് ശേഷമാണ് സമീപത്തെ കൃഷിയിടങ്ങളിലേക്ക് കടന്നത്.
ആറ് മാസം മുമ്പ് അജീഷ്കുമാറിന്റെ വീട് കാട്ടാനകള്‍ തകര്‍ത്തിരുന്നു. തമിഴ്നാടിന്റെ വനപ്രദേശത്തുനിന്നുമാണ് കാട്ടാനകള്‍ കേരളത്തിലെത്തി നാശം വിതയ്ക്കുന്നത്. കഴിഞ്ഞയാഴ്ച ചതുരംഗപ്പാറയില്‍ കാട്ടാനകള്‍ ഇറങ്ങി വീടുകളും കൃഷികളും നശിപ്പിച്ചിരുന്നു. ടാസ്ക് ഫോഴ്സ് എത്തിയാണ് ആനകളെ തുരത്തിയത്.
കാട്ടാന ആക്രമണം ഉണ്ടായതറിഞ്ഞ് കല്ലാര്‍ ഫോറസ്റ്റര്‍ ഇ.വി. പ്രസാദ്, ഓഫീസര്‍മാരായ വൈ. സജീവ്, ജി.ആര്. സുധീഷ് എന്നിവര്‍ സ്ഥലത്തെത്തുകയും റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിക്കണമെന്നും പ്രശ്നം പരിഹരിക്കാന്‍ തമിഴ്നാട് വനംവകുപ്പിനോട് ആവശ്യപ്പെടണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: