ജൂലൈ 18 ആഗോളതലത്തില്‍ നെല്‍സണ്‍ മണ്ടേല ദിനമായി ആഘോഷിക്കുന്നു. ”പ്രിയപ്പെട്ട മാഡിബയുടെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും തത്വങ്ങളും നമുക്ക് എക്കാലവും പ്രചോദനം നല്കുന്നു. സമാധാനവും തുല്യതയും സേവനവും വിജയിക്കുന്നത് അദ്ദേഹം നമുക്ക് കാണിച്ചു തന്നു.”- നെല്‍സണ്‍ മണ്ടേലയ്ക്ക് ആദരവ് അര്‍പ്പിക്കവേ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിപ്രകാരമാണ്.
വിദ്യാഭ്യാസം തന്റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് മണ്ടേല തന്റെ ആത്മകഥയായ ”ലോങ് വാക്ക് ടു ഫ്രീഡ”ത്തില്‍ പറയുന്നുണ്ട്. ജയിലില്‍ കിടന്നാണ് അദ്ദേഹം കറസ്പോണ്ടന്‍സ് കോഴ്സിലൂടെ നിയമപഠനം നടത്തിയത്. ‘വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം’ എന്തായിരിക്കണം എന്നതായിരുന്നു മണ്ടേലയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ ചോദ്യം. വിവിധ ഗുണങ്ങള്‍ സൃഷ്ടിക്കുന്നതാകണം വിദ്യാഭ്യാസം എന്നതായിരുന്നു മണ്ടേലയുടെ കാഴ്ചപ്പാട്.
വിദ്യാഭ്യാസം വ്യക്തിത്വവികസനത്തിനും തുല്യ അവസരത്തിനുമുള്ള സാധ്യതകളാണു തുറന്നുതരുന്നതെന്നു പറഞ്ഞ അദ്ദേഹം, ”വിദ്യാഭ്യാസം വ്യക്തിത്വ വികസനത്തിനുള്ള മഹത്തായ എന്‍ജിനാണെന്നും വിദ്യാഭ്യാസത്തിലൂടെ ഒരു കര്‍ഷകന്റെ മകള്‍ക്ക് ഡോക്ടറും ഖനിത്തൊഴിലാളിയുടെ മകനു ഖനിയുടെ ഉടമയും കര്‍ഷകത്തൊഴിലാളികളുടെ കുട്ടിക്ക് മഹത്തായ രാജ്യത്തിന്റെ പ്രസിഡന്റാകാനും കഴിയും” എന്നു ചൂണ്ടിക്കാട്ടി. വ്യക്തിയെ സാമ്പത്തികമായും സാമൂഹ്യപരമായും താത്വികമായും ഉയര്‍ത്താന്‍ വിദ്യാഭ്യാസത്തിനു കഴിയുമെന്നും പറഞ്ഞു.
മാഡിബ( നെല്‍സണ്‍ മണ്ടേല) യെ സംബന്ധിച്ച് വിദ്യാഭ്യാസം എന്നത് കേവലം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം മാത്രമായിരുന്നില്ല. ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ മണ്ടേലയുടെ വീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷണല്‍ ഡിഗ്രി ഇല്ലെങ്കിലും ഓരോ മേഖലയിലേയും വിദഗ്ധരില്‍ നിന്ന് പഠിക്കുക എന്നത് വിദ്യാഭ്യാസനയം അംഗീകരിക്കുന്നുണ്ട്. ആശാരിമാര്, കല്‍പ്പണിക്കാര്‍ തുടങ്ങി പ്രാദേശിക വിദഗ്ധരില്‍ നിന്ന് തൊഴില്‍ പഠിക്കുന്നതിനെ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നു. അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക വിദഗ്ധര്‍ക്കൊപ്പം പത്തുദിവസത്തെ ഇന്റേണ്‍ഷിപ്പ് വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് അവരുടെ കഴിവുകളും സമൂഹത്തിനു നല്കിയ സംഭാവനകളും മനസിലാക്കുന്നതിന് വേണ്ടിയാണ്.
വിദ്യാഭ്യാസം എന്നത് ഒരാളെ ശാക്തീകരിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള ഉപകരണമാണെന്നായിരുന്നു മാഡിബ വിശ്വസിച്ചിരുന്നത്. ഇതിനായി വിദ്യാഭ്യാസം നല്‍കേണ്ടത് സാഹചര്യമനുസരിച്ചായിരിക്കണം. ”വിദ്യാഭ്യാസം എന്നത് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന ഏറ്റവും ശക്തിയേറിയ ഉപകരണമാണ്”- വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ വാചകങ്ങളിലൊന്നാണിത്. വിദ്യാഭ്യാസം മുന്‍വിധിയുടെ ശത്രുവാണ്. ”സാമ്പത്തികവിജയത്തിനു നമുക്ക് ആവശ്യമായ കഴിവുകളെക്കാളും മുകളിലാണു വിദ്യാഭ്യാസത്തിന്റെ ശക്തി. ഇതുകൊണ്ട് രാജ്യനിര്മ്മാണത്തിനും നയതന്ത്ര ചര്‍ച്ചകള്‍ക്കും കഴിയും.” – മണ്ടേല പറഞ്ഞു. മൗലിക ചുമതലകളെയും ഭരണഘടനാ മൂല്യങ്ങളെയും കുറിച്ച് ആഴത്തില്‍ ബോധ്യമുണ്ടാവുകയും, സ്വന്തം രാജ്യവുമായി അഗാധ ബന്ധമുണ്ടാകുകയും, മാറുന്ന ലോകത്തില്‍ ഒരാള്‍ക്കുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് അറിയുകയും ചെയ്യാനുതകുന്ന വിദ്യാഭ്യാസ നയമാണു മണ്ടേലയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കേന്ദ്രം ആവിഷ്കരിക്കുന്നത്.
ഇന്ത്യക്ക് ആയിരക്കണക്കിനു വര്‍ഷം പഴക്കമുള്ള സമ്പന്നമായ ചരിത്രമാണുള്ളത്. മന്ത്രാലയം പുതിയ വിദ്യാഭ്യാസ നയം ആവിഷ്കരിക്കുകയാണ്. വിദ്യാര്‍ത്ഥികളില്‍ ഇന്ത്യക്കാരന് എന്നതില്‍ ചിന്തയിലും പ്രവൃത്തിയിലും അഭിമാനം തോന്നിപ്പിക്കുന്ന, ബൗദ്ധികമായി ഉയര്‍ത്തുന്നതും അറിവുകളും മൂല്യങ്ങളും വളര്‍ത്തുന്നതിനും, മനുഷ്യാവകാശം സംരക്ഷിക്കുന്നതിനും, വികസനവും സ്ഥായിയായ വളര്‍ച്ചയും ഉണ്ടാക്കുന്നതിനും, ഒരു ആഗോള പൗരനായി വാര്ത്തെടുക്കുന്നതിനുമുതകുന്ന സിലബസാണു പുതിയ നയത്തിലുള്ളത്.
അച്ചടക്കം, കഠിനാധ്വാനം, കായികക്ഷമത എന്നിവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുത്ത മണ്ടേല അത് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തു. വ്യായാമവും കായികക്ഷമതയും വ്യക്തിജീവിതത്തിലും വിദ്യാഭ്യാസ തത്വങ്ങളിലും ഒരുപോലെ അദ്ദേഹത്തിനെ സഹായിച്ചിരുന്നു. ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി കായിക പ്രവര്‍ത്തികളും വ്യായാമവും മാറ്റാന്‍ ലക്ഷ്യമിട്ട് 2019 ഓഗസ്റ്റ് 29ന് കേന്ദ്ര സര്‍ക്കാര്‍ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ആരംഭിച്ചപ്പോള്‍, മണ്ടേല ചെയ്തതുപോലെ, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ കായികവും ആത്മീയവുമായ പാരമ്പര്യത്തെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അക്കാദമിക് കരിക്കുലത്തിന്റെ (എക്സ്ട്രാ കരിക്കുലറായിട്ടല്ല) പ്രധാന ഭാഗമാക്കി കായിക വിദ്യാഭ്യാസവും നൈപുണ്യ വിദ്യാഭ്യാസവും ഉള്‍പ്പെടുത്തിയാവും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം. ഓരോ വിദ്യാര്‍ത്ഥിയുടേയും സമ്പൂര്‍ണ മികവ് ഉറപ്പുവരുത്തുന്നതിനു സഹായിക്കുന്നതാണു പുതിയ വിദ്യാഭ്യാസ നയം.
കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാഡിബയുടെ വീക്ഷണങ്ങള്‍ വളരെ ഹൃദ്യമാണ്; ആധുനികവും. ഗ്രേഡ് 1 മുതല്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്കാന് മണ്ടേല നിര്‍ദേശം നല്‍കിയിരുന്നു. അതതുകാലത്തെ സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. പഠിതാക്കള്‍ ഇ-ലേണിംഗിലേക്ക് തിരിയുന്ന ഇക്കാലത്ത് മണ്ടേലയുടെ വീക്ഷണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. ദിക്ഷ (ഒരു രാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം), ടിവി (ഒരു ക്ലാസ് ഒരു ചാനല്‍), സ്വയം, എയര്‍ ത്രൂ കമ്യൂണിറ്റി റേഡിയോ, സിബിഎസ്ഇ ശിക്ഷാവാണി പോഡ്കാസ്റ്റ്, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ എന്നിവ പ്രധാനമന്ത്രി ഇ- വിദ്യ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. ഇത് പൊതു ഇടങ്ങളില്‍ ഗുണനിലവാരമുള്ള ഇ- ഉള്ളടക്കങ്ങള്‍ ലഭിക്കുന്നതിനും വിദ്യാഭ്യാസത്തില്‍ സാങ്കേതികവിദ്യ വഴി സമത്വം ഉറപ്പാക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസ രംഗത്ത് സമൂല പരിവര്‍ത്തനം വരുത്താന്‍ കഴിവുള്ളവയാണു മണ്ടേലയുടെ കാഴ്ചപ്പാടുകള്‍. അവസരം, തുല്യത, ഗുണനിലവാരം, കുറഞ്ഞ ചെലവ്, ഉത്തരവാദിത്തം എന്നിവയില്‍ ഊന്നിയുള്ളതാണ് ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ നയം. ഇതാകട്ടെ മണ്ടേലയുടെ വീക്ഷണങ്ങളോട് ചേര്‍ന്ന് നില്ക്കുന്നു. ഓരോ വിദ്യാര്‍ത്ഥിയേയും സാമൂഹികമായും സാമ്പത്തികമായും താത്വികമായും സ്വതന്ത്രനാക്കുകയും അതുവഴി ഇന്ത്യയെ അറിവിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുകയും ചെയ്യാന്‍ ലക്ഷ്യമിടുമ്പോള്‍, തീര്‍ച്ചയായും മണ്ടേലയുടെ വീക്ഷണങ്ങളില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളുന്നു.
രമേഷ് പൊഖ്രിയാല്‍
കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക: