തിരുവനന്തപുരം: ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യവുമായി ഇന്ത്യയെ ഇസ്ലാംവല്‍ക്കരിക്കാന്‍ നടന്ന തീവ്രവാദ സംഘടനയായ സിമി (സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ)യുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഇന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍. ഭീകര സംഘടനയായ സിമിയെ പിന്നീട് നിരോധിച്ചു. നിരോധനം ഇപ്പോഴും നിലവിലുമുണ്ട്. സിമിയില്‍ നിന്നും മുസ്ലിം യൂത്ത് ലീഗിലേക്കും അവിടെ നിന്ന് സിപിഎമ്മിലേക്കും സഞ്ചരിച്ചാണ് ജലീല്‍ മന്ത്രിയായത്. എന്നും വിവാദവഴികളിലൂടെയാണ് സഞ്ചരിച്ചത്. ഒടുവില്‍ ഭീകര പ്രവര്‍ത്തനത്തിന് പണം ലഭ്യമാക്കാന്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ പ്രതികളില്‍ ഒരാളായ സ്വപ്നയുമായി ബന്ധപ്പെട്ടെന്ന വിവാദത്തിലാണ് ജലീല്‍ എത്തിനില്‍ക്കുന്നത്.
‘ദേശീയത തകര്‍ക്കുക ഖിലാഫത്ത് സ്ഥാപിക്കുക’ എന്ന ലക്ഷ്യത്തോടെ 1977ല്‍ രൂപം കൊണ്ടതാണ് സിമി. ‘മതേതര ജനാധിപത്യം വേണ്ട, ഇസ്ലാമിക സമഗ്രാധിപത്യം മതി’ എന്ന് വിളിച്ചുപറഞ്ഞ ജമാഅത്തെ ഇസ്ലാമിയുടെ, തിരൂരിലെ പിഎസ്എംഒ കോളേജിലെ സിമിയുടെ പ്രാസംഗികന്. 1986ല്ലും 87 ലും സിമി സ്ഥാനാര്‍ത്ഥിയായി ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടു. 1987ലെ കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് സിമി നിര്‍ദ്ദേശം നല്കി. എന്നാല്‍ ജലീല്‍ മത്സരിച്ച് തോറ്റു. ഇതോടെ അതേകോളേജിലെ എംഎസ്എഫില്‍(മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷന്) ചേര്‍ന്നു. സിമിയിലെ പലരും പിന്നീട് പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യഅടക്കമുള്ള തീവ്രവാദ സംഘടനകളില്‍ എത്തി.
എംഎസ്എഫില്‍ നിന്നും മുസ്ലീം യൂത്ത് ലീഗിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ വരെ എത്തി ജലീല്‍. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ മുസ്ലീം ലീഗ് നേതൃത്വവുമായി പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടിയുമായി ഇടഞ്ഞു. ഇതോടെ ലീഗില്‍ നിന്നും പുറത്ത്. തുടര്‍ന്ന് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കെതിരെ മത്സരിച്ചു. അതും എല്‍ഡിഎഫ് പിന്തുണയോടെയും പിണറായി വിജയന്റെ ആശിവര്‍വാദത്തോടെയും. സിമി പ്രവര്‍ത്തകനായിരുന്ന ജലീലിന് എല്‍ഡിഎഫ് പിന്തുണ നല്‍കുന്നത് വലിയ വിവാദമായി. ജലീല്‍ വിജയിച്ചു. 2011ലും 16ലും തവനൂര്‍ മണ്ഡലത്തില്‍ നിന്ന് വീണ്ടും നിയമസഭാംഗമായി. പിണറായി വിജയന് മന്ത്രിസഭയില്‍ അംഗവുമായി.
തദ്ദേശ സ്വയംഭരണ വകുപ്പാണ് ജലീലിന് ആദ്യം നല്‍കിയത്. എന്നാല്‍ ജലീലിന്റെ ബന്ധുവായ കെ.ടി അദീബിനെ വേണ്ടത്രയോഗ്യത ഇല്ലാഞ്ഞിട്ടും ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് ജനറല്‍ മാനേജറാക്കി. ഇത് വലിയ വിവാദമായി. തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നും മാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല നല്കി. അവിടെയും വിവാദങ്ങള്‍ പിന്നാലെ കൂടി. എംജി സര്‍വ്വകലാശാലയിലെ ബിടെക് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്കുദാനം നല്കാന് അദാലത്ത് നടത്തിയത് ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി. മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം നിയമവിരുദ്ധമെന്ന് സിന്‍ഡിക്കേറ്റും വ്യക്തമാക്കി. ഇതോടെ മന്ത്രി പ്രതിരോധത്തിലായി. ഒടുവില്‍ മാര്‍ക്ക് ദാനം റദ്ദാക്കി. ചട്ടവിരുദ്ധമായി സര്‍വ്വകലാശാലയില്‍ ഇടപെട്ടതിനും അദാലത്ത് നടത്തിയതിനും കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ജലീലിനെ ശാസിച്ചു.
ഇതിനിടെ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫീസിലെ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന് പകരം നിലമ്പൂര്‍ സ്വദേശിനിയെ ക്ലാര്‍ക്കായി നിയമിച്ചതും വേറൊരാളെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി ഗാര്‍ഡനര്‍ ആയി നിയമിച്ചതും വിവാദമായി.
സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ഫോണ്‍കോളിലാണ് ജലീല്‍ എത്തി നില്‍ക്കുന്നത്. ഒമ്പത് തവണയെ വിളിച്ചിട്ടുള്ളൂ എന്ന് മന്ത്രി പറയുമ്പോഴും നൂറ് കണക്കിന് ഫോണ്‍ സന്ദേശങ്ങള്‍ അന്വേഷണ വിഭാഗം കണ്ടെത്തിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: