തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഒരു ഗത്യന്തരവുമില്ലാതെയാണ് വിശ്വസ്തനായ ശിവശങ്കരനെ മുഖ്യമന്ത്രിയ്ക്ക് സസ്പെന്‍ഡ് ചെയ്യേണ്ടിവന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടാനാകില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കള്ളക്കടത്തുകേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യേണ്ടിവരുന്ന സാഹചര്യം കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. തെളിവ് ലഭിക്കാതെ ശിവശങ്കരനെതിരെ നടപടിയെടുക്കാനാകില്ലെന്നാണ് പിണറായി ഇതുവരെ പറഞ്ഞിരുന്നത്. കസ്റ്റംസ് പത്തുമണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടും ശിവശങ്കരന് കുറ്റക്കാരനല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയെന്നും അദേഹം പറഞ്ഞു.
രാജ്യദ്രോഹ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്താകുമെന്ന ഘട്ടത്തിലെത്തിയപ്പോഴും അദ്ദേഹത്തെ സംരക്ഷിക്കാനായിരുന്നു ശ്രമം. ഇതെല്ലാം വ്യക്തമാക്കുന്നത് മുഖ്യമന്ത്രിക്കും പലതും ഭയക്കാനുണ്ട് എന്നാണെന്നും സുരേന്ദ്രന് പ്രസ്താവിച്ചു.
രാജ്യദ്രോഹത്തിനും കള്ളക്കടത്തിനും അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കൂട്ടു നിന്നെന്ന ആക്ഷേപം വരുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ്. താനിതൊന്നും അറിഞ്ഞതല്ലെന്നും അന്വേഷണം വരട്ടെയെന്നുമുള്ള പിണറായിയുടെ നിലപാട് ജനങ്ങളെ പറ്റിക്കാനാണ്. ഒരു നിമിഷം പോലും പിണറായി വിജയന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ അര്‍ഹതയില്ല. അന്തസ്സുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോകണമെന്നും കെ.സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: