തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ മുഖ്യമന്ത്രി നടപടിക്കൊരുങ്ങുന്നു. ഇയാള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലും നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ നടപടിക്ക് ഒരുങ്ങുന്നത്. വകുപ്പുതല നടപടി ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് വിവരം.
കേസിലെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയും അടക്കമുള്ള സമിതി അന്വേഷണം നടത്തുന്നത്. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലെ ശിവശങ്കറിന്റെ ജാഗ്രത കുറവ് മുതല്‍ പദവി ദുര്‍വിനിയോഗം വരെയുള്ള ആക്ഷേപത്തിന്മേലാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഉച്ചകഴിഞ്ഞ് സമര്‍പ്പിക്കുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് വലിയ വിഴ്ചകള്‍ ഉണ്ടായതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.
ശിവശങ്കറിനെതിരെ കസ്റ്റംസ് അന്വേഷണവും പുരോഗമിച്ചിട്ടും ശിവശങ്കറിനെതിരെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയതല്ലാതെ സര്‍ക്കാര്‍ തലത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഎം നേതൃത്വത്തിനിടയിലും ഇതുമായി ബന്ധപ്പെട്ട് എതിര് അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെയാണ് മുഖ്യമന്ത്രി നടപടി സ്വീകരിക്കാന്‍ തയ്യാറായത്.
ശിവശങ്കറിന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി കഴിഞ്ഞു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് കൂടിയായതിനാല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: