തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗൂഢാലോചനകള്‍ നടന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്ന സെക്രട്ടേറിയറ്റിന് സമീപത്തെ ഹെദര്‍ ഹൈറ്റ്സ് ഫഌറ്റില്‍ സ്വപ്നയ്ക്കും കുടുംബത്തിനും വേണ്ടി ഫഌറ്റ് ബുക്ക് ചെയ്തത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് വെളിപ്പെടുത്തല്‍.
ഈ ഫഌറ്റിലും നേരേ എതിര് വശത്തുള്ള ഹില്ട്ടന് എന്ന ഹോട്ടലിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിനും എന്‍ഐഎയ്ക്കു സൂചനകള്‍ ലഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രനെ കൊണ്ടാണ് ഹെദര്‍ ഹൈറ്റ്സ് ഫഌറ്റില്‍ ശിവശങ്കര്‍ റൂം ബുക്ക് ചെയ്യിപ്പിച്ചത്. ശിവശങ്കറിനും ഇവിടെ ഫഌറ്റ് ഉണ്ടായിരുന്നു. എന്നിട്ടും മറ്റൊരാളെ കൊണ്ട് റൂം ബുക്ക് ചെയ്യിപ്പിച്ചത് സംശയങ്ങള്‍ക്കിടയാക്കുന്നു. ജയശങ്കര്‍ എന്ന സുഹൃത്തിനും കുടുംബത്തിനും വീടു മാറുന്നതിനാല്‍ ആറ് ദിവസത്തേയ്ക്ക് താല്‍ക്കാലിക താമസത്തിന് വേണ്ടിയാണെന്നാണ് ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ ബാലചന്ദ്രന് പറയുന്നു. സ്വപ്നയുടെ ഭര്‍ത്താവാണ് ജയശങ്കര്‍. വെളിപ്പെടുത്തലിനു തൊട്ടുപിന്നാലെ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്ന് നീക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐടി വകുപ്പിലെ ഡയറക്ടര്‍ മാര്‍ക്കറ്റിങ് സ്ഥാനത്തു നിന്നാണ് മാറ്റിയത്.
ദിവസ വാടകയ്ക്ക് റൂം ബുക്ക് ചെയ്യാവുന്ന കെട്ടിട സമുച്ചയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും കെയര്‍ ടേക്കറുടെ വിവരങ്ങള്‍ ശിവശങ്കറിന് കൈമാറിയിരുന്നെന്നും അരുണ്‍ ബാലചന്ദ്രന് പറയുന്നു. വാട്സ്ആപ്പ് ചാറ്റിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ശിവശങ്കറുമായി നടത്തിയ ചാറ്റും അരുണ്‍ ബാലചന്ദ്രന് പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിക്കുന്നെന്നാണ് തന്നോട് പറഞ്ഞെതെന്നാണ് ഫഌറ്റിന്റെ കെയര്‍ ടേക്കര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരിക്കുന്നത്.
മെയ് മാസത്തിന് ശേഷം നിരവധി തവണ കള്ളക്കടത്തു സംഘത്തില്‍പ്പെട്ടവര്‍ മുറി ബുക്ക് ചെയ്തിരുന്നതായും രാത്രി വൈകുവോളം ചര്‍ച്ച നടന്നിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശിവശങ്കറിന്റെ ഫഌറ്റില്‍ കസ്റ്റംസ് ഇന്നലെ ഉച്ചയോടെ വീണ്ടും പരിശോധന നടത്തി. നേരത്തേ ശിവശങ്കറിന്റെ ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ സന്ദര്‍ശന രേഖകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതനുസരിച്ചാണ് സ്വപ്നയും സരിത്തും സന്ദീപും ഇവിടെ നിത്യസന്ദര്‍ശകരായിരുന്നുവെന്ന സൂചനകള്‍ കസ്റ്റംസിന് ലഭിച്ചത്.
അതേസമയം, സ്വപ്ന ഇവിടെ താമസിച്ച അതേ ദിവസങ്ങളില്‍ എതിര്‍വശത്തെ ഹില്ട്ടന് എന്ന ഹോട്ടലില്‍ മുറിയെടുത്ത നാല് പേരെക്കുറിച്ചും അന്വേഷണം തുടരുകയാണ് കസ്റ്റംസ്. അതിന്റെ ഭാഗമായിട്ടായിരുന്നു ഹില്‍ട്ടണിലെ കഴിഞ്ഞ ദിവസത്തെ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: