കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ക്ലീന്‍ചിറ്റ് നല്‍കില്ലെന്ന് കസ്റ്റംസ്. കേസില്‍ പിടിയിലായ സ്വ്പ്‌ന, സന്ദീപ്, സരിത്ത് എന്നിവരുമായി ശിവശങ്കറിന് അടുത്തബന്ധമുള്ളതായും സ്വപ്‌നയ്‌ക്ക്് ഫ്‌ളാറ്റ് ബുക്ക് ചെയ്തതില്‍ ഉള്‍പ്പടെ ശിവശങ്കറിന് പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ക്ലീന്‍ചിറ്റ് നല്‍കില്ലെന്ന് അറിയിച്ചിരിക്കുന്നത്.
ഐടി ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് ഫ്‌ളാറ്റ് ബുക്ക് ചെയ്തത് എന്തിനാണെന്ന് ശിവശങ്കര്‍ വ്യക്തമാക്കിയിട്ടില്ല. ഇതിനായി സ്വപ്‌നയേയും സംഘത്തേയും കൂടുതലായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. സ്വപ്നയുമായി അടുത്ത സൗഹൃദമെന്നാണ് കസ്റ്റംസിന് ശിവശങ്കര്‍ കസ്റ്റംസിന് മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. അതിനാല്‍ കൂടുതല്‍ പരിശോധന നടത്താനാണ് സാധ്യത.
കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിന് അടുത്തുള്ള ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. നേരത്തേ ശിവശങ്കറിന്റെ ഫ്‌ളാറ്റിലെ സന്ദര്‍ശന രേഖകള്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതനുസരിച്ച് സ്വപ്നയും സരിത്തും സന്ദീപും ഈ ഫ്‌ളാറ്റില്‍ നിത്യസന്ദര്‍ശകരായിരുന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തുന്നത്.
സ്വപ്ന ജോലി ചെയ്തിരുന്ന സ്‌പേസ് പാര്‍ക്കിന്റെ മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ സ്ഥാപനം കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലും കസ്റ്റംസ് സമാന്തരമായി പരിശോധന നടത്തുന്നുണ്ട്. സ്വപ്ന സുരേഷ് സ്‌പേസ് പാര്‍ക്കിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ എന്ന പദവിയിലാണ് ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് സ്‌പേസ് പാര്‍ക്കിന് കീഴില്‍ ജോലി ലഭിച്ചത് എങ്ങിനെയാണെന്നും അന്വേഷിക്കുന്നുണ്ട്.
കള്ളക്കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്ന് സ്വപ്നയില്‍ നിന്ന് മാത്രമേ വ്യക്തമാകൂ എന്നാണ് വിവരം. അതേസമയം അറസ്റ്റിലായ ജലാലും റമീസും ചേര്‍ന്നാണ് കള്ളക്കടത്തിന് പണം മുടക്കാന്‍ ആളെ കണ്ടെത്തിയതെന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സ്വര്‍ണം വാങ്ങിയെന്ന് കരുതുന്ന കോഴിക്കോട് മേഖലയിലെ ചില ജ്വല്ലറികളിലും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. അതിനിടെ ഇന്ന് ഒന്നാം പ്രതി സരിത്തിന്റെ അറസ്റ്റും എന്‍ഐഎ രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: