കോഴിക്കോട് : യുഎഇ കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്നയുമായി ഫോണില്‍ ബന്ധപ്പെട്ടതെന്ന കെ.ടി. ജലീലന്റെ പ്രസ്താവന പച്ചക്കള്ളമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കോള്‍ ലിസ്റ്റ് പുറത്തുവന്നതില്‍ കെ.ടി. ജലീല്‍ പറയുന്ന വാദമുഖങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നതാണ്. ജലീലിനും അദ്ദേഹത്തിന്റെ ഓഫീസിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നും കെ. സുരേന്ദ്രന് പറഞ്ഞു. കോഴിക്കോടോ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രി കെ.ടി. ജലീല്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കിറ്റ് ഭക്ഷ്യധാന്യ കിറ്റോ അതോ സ്വര്‍ണ കിറ്റ് ആണോ എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ ദിവസം പറഞ്ഞ തിയതിക്ക് മുമ്പ് സ്വപ്നയെ ജലീല്‍ ഫോണില്‍ വിളിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാഘവത്തോടെ കാണാന്‍ സാധിക്കുന്നതല്ല ഇത്. അദ്ദേഹത്തിന്റെ ഓഫീസില്‍ സ്വര്ണക്കടത്തുകാര് സന്ദര്‍ശിച്ചിട്ടുണ്ട്. ഓഫീസിലുള്ള പലരുമായും ബന്ധവുമുണ്ടാകും.
കെ.ടി ജലീല്‍ നേരത്തേയും ചില തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം പരിശോധിച്ചാല്‍ ഇത് അറിയാന്‍ സാധിക്കും. സ്വപ്നയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടും, ജലീല്‍ താന്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്ന കാര്യം എന്തുകൊണ്ട് മറച്ചുവെച്ചു. ഈ ആരോപണങ്ങള്‍ ഇല്ലാതാകണമെങ്കില്‍ രണ്ട് മാസത്തെ ഫോണ്‍ രേറഖകള്‍ പുറത്തുവിടണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസുമായും കേസിലെ പ്രതി സരിത്ത് നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. സരിത്ത് ഇങ്ങോട്ട് വിളിച്ചതിനേക്കാല്‍ കൂടുതല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് അങ്ങോട്ട് വിളിച്ചത്. ഇതെല്ലാം സാധാരണ സൗഹൃദത്തിന്റെ ഭാഗമായിട്ടാണെന്ന് വിശ്വസിക്കാന്‍ കഴിയില്ല. ഇതിനെല്ലാം ജനങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്.
രാഷ്ട്രീയ സാദാചാരവും മര്യാദയും പുരപ്പുറത്ത് കയറി പ്രസംഗിക്കാന്‍ മാത്രമുള്ളതല്ല. രാജിവെച്ച് മര്യാദ കാണിക്കണം. മുഖ്യമന്ത്രിയുടെ രാജിക്കായി ബിജെപി ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്നും സുരേന്ദന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: