തൃശൂര്‍: ഓണ്‍ലൈന്‍ ക്ലാസുകളില്‍ സംസ്കൃതം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്ലാസ് ആരംഭിക്കാത്തത് വിദ്യാര്‍ഥികളെ വലക്കുന്നു. വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ സംസ്കൃതത്തിനു പുറമേ അറബിക്, ഉറുദു ഭാഷകളിലും ക്ലാസുകളില്ല.
ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് ഒന്നര മാസം പിന്നിടുമ്പോള്‍ നിലവില്‍ മലയാളം, ഹിന്ദി ഭാഷകളില്‍ മാത്രമേ ക്ലാസുകള്‍ ഉള്ളൂ. ഐടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്ലാസുകള്‍ ഉള്ളപ്പോള്‍ സംസ്കൃതം അറബിക്, ഉറുദു ഭാഷാ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാത്തത് വിദ്യാര്‍ത്ഥികളോടൊപ്പം അധ്യാപകരേയും രക്ഷിതാക്കളേയും ആശങ്കയിലാഴ്ത്തിരിക്കുകയാണ്.
ക്ലാസുകളില്‍ ഭാഷാ വിഷയങ്ങള്‍ ഉള്‍പ്പെടാത്തത് ചൂണ്ടിക്കാട്ടി ഭാഷ വിഭാഗം അധ്യാപകര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഭാഷാ വിഷയങ്ങളില്‍ ഉടനെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ല.
ഈ മാസത്തേക്കുള്ള കൂടുതല്‍ ക്ലാസുകളുടെ എപ്പിസോഡുകള്‍ ചിത്രീകരിക്കാന്‍ സാധിച്ചിട്ടില്ല. അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ചിത്രീകരണം തുടരുന്നത്. ഇതിന് പുറമേ ക്ലാസുകള്‍ എടുക്കേണ്ട അധ്യാപകരുടെ നാടുകളില്‍ ലോക് ഡൗണ്‍ ആയതിനാല്‍ ഇവര്‍ക്ക് ചിത്രീകരണത്തിനെത്താനും കഴിയുന്നില്ല. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആഗസ്റ്റിലും തുടരാനാണ് സാധ്യത. എന്നാല്‍ സംപ്രേഷണം ചെയ്യേണ്ട ചില എപ്പിസോഡുകളുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും എഡിറ്റിംഗ് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: