കട്ടപ്പന: മേലേചിന്നാര്‍ കല്ലടക്കട-പെരിഞ്ചാംകുട്ടി റോഡ് ടാറിങ് നടത്തി മാസങ്ങള്‍ പിന്നിട്ടതോടെ ചെളിക്കുണ്ടായി മാറി. നെടുങ്കണ്ടം പഞ്ചായത് എട്ടുലക്ഷം മുടക്കി നിര്‍മ്മിച്ച റോഡാണ് പൊട്ടി പൊളിഞ്ഞത്. റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് സമരത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രദേശവാസികളുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് പഞ്ചായത് എട്ടുലക്ഷം മുതല്‍ മുടക്കി റോഡ് ടാര്‍ ചെയ്തത്. എന്നാല്‍ ടാര്‍ ചെയ്ത് മൂന്ന് മാസം തികയും മുന്‍പ് ടാറിങ് പൂര്‍ണമായും ചെളിക്കുണ്ടായ അവസ്ഥയാണ്.
ആവശ്യത്തിന് നിര്‍മ്മാണ സാമഗ്രഹികള്‍ ഉപയോഗിക്കാതെയാണ് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കുന്നത് എന്നാണ് പ്രദേശവാസികളുടെ ആരോപണം. പൊളിഞ്ഞുകിടക്കുന്ന ടാറിങ്ങില്‍ സോളിങ് ഉപയോഗിച്ചതായി കാണുന്നില്ല. ടാറിങ്ങിനായി എത്തിച്ച ടാര്‍ ഉള്‍പ്പെടെയുള്ള മെറ്റീരിയലുകള്‍ കോണ്ട്രാക്ടര് ഇവിടെ നിന്ന് കടത്തിയതായും പ്രദേശവാസികള്‍ ആരോപിക്കുന്നു.
400 ഓളം കുടുംബങ്ങളാണ് പ്രധാനമായും റോഡ് ഉപയോഗിക്കുന്നത്. സ്കൂള്‍ കുട്ടികളും പ്രായമായവരും ഇതുവഴി കാല്‍നടയായിപോലും സഞ്ചരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
ഇതുവഴി വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ പോലും വരാത്ത അവസ്ഥയിലായതോടെ പ്രദേശത്തുള്ളവര്‍ക്ക് രോഗം പിടിപെട്ടാല്‍ രോഗികളെ ഉള്പ്പെടെചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. ടാറിങ് ജോലിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അത് പഞ്ചായത്ത് അന്വേഷിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമര നടപടികളുമായി രംഗത്തിറങ്ങാനാണ് ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: