ആലപ്പുഴ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാന നികുതി വകുപ്പ് 110 കിലോ സ്വര്‍ണ്ണം വാഹന പരിശോധനയിലൂടെ പിടിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. ഇതിലൂടെ ആകെ കിട്ടിയത് 2.8 കോടി രൂപ മാത്രമാണ്. അത് കള്ളക്കടത്തുകാര്‍ക്ക് മൂക്കുപ്പൊടി പോലെയുള്ളൂവെന്നും ഐസക്ക് പറയുന്നു.
സ്വര്‍ണ്ണം സംബന്ധിച്ച് ജിഎസ്ടി നിയമത്തില്‍ രണ്ട് വകുപ്പുകളാണുള്ളത്. ഒന്നാമത്തേത്, 129-ാം വകുപ്പ്. അതിന് പ്രകാരം നികുതിയും തുല്യതുക പിഴയും അടച്ചാല്‍ ഉടമസ്ഥനു സ്വര്‍ണ്ണം വിട്ടുകൊടുക്കണം. രണ്ടാമത്തേത്, 130-ാം വകുപ്പ്. ഈ വകുപ്പ് സ്വര്‍ണ്ണം കണ്ടുകെട്ടുന്നതിനുള്ള അവകാശം നല്‍കുന്നുണ്ട്. പക്ഷെ, കേരള ഹൈക്കോടതി 2018 ല്‍ വിധിച്ചത് 129-ാം വകുപ്പ് പ്രകാരമുള്ള നികുതിയും പിഴയും ഒടുക്കിയില്ലെങ്കില്‍ മാത്രമേ 130-ാം വകുപ്പ് ഉപയോഗിച്ച് സ്വര്‍ണ്ണം കണ്ടുകെട്ടാന്‍ പാടുള്ളൂ എന്നാണ്.
ഇതാണ് ഇന്ത്യയില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും സ്വീകരിച്ചു വരുന്ന നടപടി ക്രമം. കേന്ദ്ര നികുതി വകുപ്പ് സ്വര്‍ണ്ണം കണ്ടുകെട്ടിയ കേസ് ഇതുവരെ ഉണ്ടായിട്ടില്ല. ദക്ഷിണ സംസ്ഥാനങ്ങളിലെല്ലാം നേരിട്ടു വിളിച്ചു വിവരം ആരാഞ്ഞു. അവരുടെയും നിലപാട് ഇതാണെന്നും ഐസക്ക് പറയുന്നു.
സ്വര്‍ണ്ണ നികുതി വരുമാനം ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരേസമയം 64 കടകള്‍ പരിശോധന നടത്തി മുഴുവന്‍ രേഖകളും ശേഖരിച്ചു. ഇവയുടെ വിശകലനത്തിന് ആറ് സ്ക്വാഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകള്‍ പരിശോധിക്കുന്നതിന് സി-ഡാക് വലിയ കാലതാമസം വരുത്തിയ പശ്ചാത്തലത്തില്‍ ഇതിനായി നികുതി വകുപ്പില്‍ ഒരു ഫോറന്‍സിക് ലാബു തന്നെ സ്ഥാപിച്ചു. സ്വര്‍ണ്ണ മേഖലയില്‍ ഊന്നി എന്‍ഫോഴ്സ്മെന്റിന് ഒരു ജോയിന്റ് കമ്മീഷണറെ നിയോഗിച്ചതായും ഐസക്ക് സമൂഹമാദ്ധ്യമ കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: