കുമ്പള: പുത്തിഗെ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയം ആവശ്യത്തിന് ക്ലാസ് മുറികളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. കോവിഡ് വ്യാപനം മൂലം സ്കൂളുകള്‍ അടച്ചിരുന്നില്ലെങ്കില്‍ അംഗഡിമുഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി പ്രവേശനം നേടിയ 150 വിദ്യാര്‍ഥികള്‍ പുറത്തിരിക്കേണ്ടി വരുമായിരുന്നു.
മലയോര മേഖലയിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് മലയാളം മാധ്യമത്തില്‍ തുടര്‍പഠനത്തിനുള്ള സ്കൂള്‍ കൂടിയാണിത്. ചള്ളങ്കയം, ബാഡൂര്‍, കന്തല്‍, പുത്തിഗെ എന്നിവിടങ്ങളിലെ എല്‍.പി.സ്കൂളുകളില്‍നിന്ന് തുടര്‍പഠനത്തിനായി വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് അംഗഡിമുഗറിനെയാണ്. പ്രീപ്രൈമറി മുതല്‍ എസ്.എസ്.എല്‍.സി. വരെ 33 ഡിവിഷനുകളുണ്ടിവിടെ. ഈ വര്‍ഷം വിവിധ ക്ലാസുകളിലായി 150 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടി. ഇതനുസരിച്ച് മൂന്നു ഡിവിഷനുകള്‍ കൂടി. ഇവര്‍ക്കാവശ്യമായ ക്ലാസ് മുറികളോ മറ്റു സൗകര്യങ്ങളോയില്ല.
ഈ അധ്യയനവര്‍ഷം സ്കൂളുകള്‍ തുറക്കുമ്പോള്‍ എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് പി.ടി.എ.യും അധികൃതരും. നിലവില്‍ രണ്ട് കെട്ടിടങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല. അതില്‍ ഒരു കെട്ടിടത്തിന്റെ ചുമരുകള്ക്കുറപ്പുണ്ട്. മേല്‍ക്കൂര മാത്രമാണ് അപകടാവസ്ഥയിലുള്ളത്. ഈ കെട്ടിടം രണ്ടുവര്‍ഷമായി ഉപയോഗിക്കുന്നില്ല. ഇതില്‍ ആറു ക്ലാസ്മുമുറികളുണ്ടുതാനും. മേല്‍ക്കൂര പുതുക്കിപ്പണിതാല്‍ ഈ കെട്ടിടം ഉപയോഗിക്കാം. അതിനായി 10 ലക്ഷം രൂപ ചെലവുവരും. ജില്ലാ പഞ്ചായത്തധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടികളെങ്ങുമെത്തിയില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
മൂന്നുവര്‍ഷമായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിച്ച സ്കൂളാണിത്. കാലപ്പഴക്കം ചെന്ന മറ്റൊരു കെട്ടിടത്തിലാണ് പ്രൈമറി ക്ലാസുകള്‍ നടത്തിയിരുന്നത്. 12 ക്ലാസ് മുറികളുള്ള ഈ കെട്ടിടത്തിനും ഇത്തവണ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഇവിടെയും ക്ലാസുകള്‍ നടത്താന്‍ കഴിയാതെ വന്നാല്‍ സ്കൂളിന്റെ പ്രവര്‍ത്തനം താളംതെറ്റും. ആയിരത്തോളം വിദ്യാര്‍ഥികളുടെ പഠനത്തെത്തന്നെ ബാധിച്ചേക്കാവുന്ന പ്രശ്നത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്തതില്‍ രക്ഷിതാക്കള്‍ക്കിടയില്‍ അമര്‍ഷമുണ്ട്. സ്കൂളിന്റെ പ്രവേശന കവാടത്തിലൂടെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിനും ഇതുവരെ പരിഹാരമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: