കൊട്ടാരക്കര: പള്ളിയ്ക്കല്‍ ഏലായില്‍ വീണ്ടും നെല്‍ക്കൃഷിയുടെ ആരവം മുഴങ്ങുമ്പോള്‍ ജോസഫ് പ്രായം മറക്കും. കുട്ടിക്കാലത്തേ പാടത്തെ ചെളിയിലും വെള്ളത്തിലും പണിക്കിറങ്ങിത്തുടങ്ങിയതാണ് പള്ളിയ്ക്കല്‍ കിഴക്ക് കാരാണിയില് ജോസഫ്. ഇപ്പോള്‍ വയസ് എഴുപത്താറ് പിന്നിട്ടു. കൂലിപ്പണിയ്ക്ക് പോയാണ് ഇത്രകാലവും കഴിഞ്ഞുകൂടുന്നതെങ്കിലും ജോസഫിന് പാടത്തെ പണികളാണ് ഇഷ്ടം.
കണ്ടം പൂട്ടലും വരമ്പ് പിടിയ്ക്കലും വിത്തുവിതയും പിന്നെ കളപറിക്കലും കൊയ്ത്തുമൊക്കെയായി പാടത്ത് സജീവമായിരുന്ന പഴയകാലം. ഇപ്പോള്‍ പുതിയ തലമുറ പള്ളിയ്ക്കല്‍ ഏലായില്‍ നെല്‍ക്കൃഷിയ്ക്ക് തുടക്കമിട്ടപ്പോള്‍ ജോസഫും ഒപ്പം കൂടി. പ്രായം മറന്ന് ചെളിവെള്ളത്തിലിറങ്ങി.
ജോസഫിന്റെ അച്ഛന് ചാക്കോ നാട്ടിലെ പ്രധാന കൃഷിപ്പണിക്കാരനായിരുന്നു. സ്വന്തമായി നിലവും കരപുരയിടങ്ങളുമുണ്ടായിരുന്നു. അച്ഛന്റെ കൈപിടിച്ച് പാടത്തെ പണിക്കിറങ്ങിയത് നന്നെ ചെറുപ്പത്തിലാണ്. പിന്നെ അതൊരു തൊഴിലാക്കി. പണ്ടൊക്കെ പാടത്തെ പണികള്‍ക്ക് ഒട്ടേറെപ്പേരുണ്ടായിരുന്നു. ഞാറ്റുപാട്ടും കൊയ്ത്തുപാട്ടുമൊക്കെ അവരൊന്നിച്ച് പാടി വേല ആഘോഷമാക്കി. വരമ്പത്തിരുന്ന് കഞ്ഞിയും കപ്പയും കഴിച്ചതിന്റെ രുചിമേളം ഇപ്പോഴും ജോസഫിന്റെ ചുണ്ടില്‍ നിറയുകയാണ്.
പള്ളിയ്ക്കല്‍ ഏലാകളില്‍ ഒരു ഇടവേളയ്ക്ക് ശേഷം നെല്‍ക്കൃഷി തുടങ്ങിയതിന്റെ ആവേശത്തിലാണ് ജോസഫ് അടക്കമുള്ളവര്‍. കൊയ്ത്തുപാട്ടിന്റെ ഈരടികള്‍ ഇപ്പോഴേ ഉള്ളില്‍ തത്തിക്കളിക്കുന്നു. കന്നിക്കൊയ്ത്തിനുള്ള വിത്തുകളാണ് വിതച്ചത്. നാമ്പ് വന്ന് കതിരണിയുന്നതും കാത്തിരിക്കാന്‍ പുതുതലമുറക്കാരുണ്ടെന്നത് കൂടുതല്‍ സന്തോഷം തരുന്നതായി ജോസഫ് പറഞ്ഞു. പഴയ പണിക്കാര് പലരും പാടത്തേക്കിറങ്ങിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: