ന്യൂദല്‍ഹി: ലോകത്ത് ക്യാമറ ട്രാപ് ഉപയോഗിച്ചുള്ള വന്യജീവി സര്‍വേകളില്‍ ഏറ്റവും വലുതെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യയുടെ ടൈഗര്‍ സെന്‍സസിന്റെ നാലാം പതിപ്പിന്. ദേശീയതല കടുവ കണക്കെടുപ്പ് നാലാം പതിപ്പിന്റെ ഫലങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ ആഗോള കടുവ ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അറിയിച്ചത്.
കണക്കെടുപ്പിന്റെ നാലാം പതിപ്പ്, വിഭവ സമാഹരണത്തിലും വിവരശേഖരണത്തിലും ഇന്നോളം ഉണ്ടായതില്‍ വച്ച് ഏറ്റവും സമഗ്രമാണ്. ക്യാമറ ട്രാപ്പുകള്‍ (ചലനത്തോടു പ്രതികരിക്കുന്ന സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ക്യാമറ സംവിധാനങ്ങള്‍ ) 141 മേഖലകളിലെ 26,838 സ്ഥലങ്ങളിലാണ് സ്ഥാപിച്ചിരുന്നത്. (ഇവയുടെ അടുത്ത് കൂടി ഏതെങ്കിലും മൃഗം കടന്നുപോകുന്നത് മുതല്‍ ഇവ റെക്കോര്‍ഡിങ് ആരംഭിക്കും). ഈ സംവിധാനത്തിലൂടെ 1,21,337 ചതുരശ്രകിലോമീറ്റര്‍ (46 848 ചതുരശ്രമൈല്‍) പ്രദേശത്താണ് സര്‍വ്വേ നടത്തിയത്.
ആകെ 34,858,623 മൃഗങ്ങളുടെ ചിത്രമാണ് ക്യാമറ ട്രാപ്പുകളില്‍ പതിഞ്ഞത് (ഇതില്‍ 76,651 എണ്ണം കടുവകളുടെയും, 51,777 എണ്ണം പുള്ളിപ്പുലികളുടെയും ആയിരുന്നു. ശേഷിക്കുന്നവ മേഖലയില്‍ പ്രാദേശികമായി കാണപ്പെടുന്ന മൃഗങ്ങളുടേതും.)
ഈ ചിത്രങ്ങളില്‍ നിന്നും 2461 കടുവകളെ തിരിച്ചറിയാന്‍ സാധിച്ചു (കടുവക്കുഞ്ഞുങ്ങള്‍ ഒഴികെ). കടുവകളുടെ ശരീരത്തിലെ രേഖകളുടെ വിന്യാസത്തെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക സോഫ്റ്റ്വെയര്‍ ലൂടെയാണ് ഇവയെ തിരിച്ചറിഞ്ഞത്.
ഇത്രയും വലിയ ഒരു ക്യാമറ ട്രാപ്പ് സംവിധാനത്തിനു പുറമേ ‘ഇന്ത്യയിലെ കടുവകളുടെ നില 2018’ ന്റെ ഭാഗമായി 522,996 കിമി (324,975 മൈല്‍ ) ദൂരം കടുവപ്പാതകളിലാണ് സംഘം കാല്‍നടയായി നിരീക്ഷണം നടത്തിയത്. 317,958 ആവാസ സ്ഥലങ്ങളില്‍നിന്ന് സാമ്പിളുകളും ശേഖരിച്ചു
381,200 ചതുരശ്ര കിമി (147,181 ചതുരശ്ര മൈല്‍) വനഭൂമിയില്‍ ആണ് പഠനം നടത്തിയത്. 620,795 തൊഴില്‍ ദിനങ്ങള്‍ക്ക് തുല്യമായ അളവില്‍ വിവരശേഖരണവും അവലോകനവും നടന്നു.
നേട്ടത്തെ ഒരു വലിയ മുഹൂര്‍ത്തം എന്ന് വിശേഷിപ്പിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ തിളങ്ങുന്ന ഉദാഹരണമാണ് ഇതെന്നും ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടി ആക്കുക എന്ന ലക്ഷ്യം നേരത്തെ കണക്കാക്കിയതില്‍ നിന്നും നാലു വര്‍ഷം മുന്‍പ് തന്നെ സ്വന്തമാക്കാനായതായും മന്ത്രി ചൂണ്ടിക്കാട്ടി .
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2967 കടുവകള്‍ ആണ് ഉള്ളത്. ഇത് ആഗോള തലത്തിലെ കടുവകളുടെ എണ്ണത്തിന്റെ 75 ശതമാനത്തോളം വരും. 2010 ല്‍ റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടന്ന സമ്മേളനത്തിലാണ് 2022 ഓടു കൂടി ഇന്ത്യയിലെ കടുവകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും എന്ന് പ്രതിജ്ഞ സ്വീകരിച്ചത് എന്നാല്‍ ആ കാലാവധിക്ക് മുന്‍പ് തന്നെ ഇന്ത്യ രാജ്യത്തെ കടുവകളുടെ എണ്ണം ഇരട്ടി ആക്കുക എന്ന നിശ്ചയദാര്‍ഢ്യം പൂര്‍ത്തീകരിച്ചതായും ജാവദേക്കര്‍ പറഞ്ഞു.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നാല് വര്‍ഷത്തിലൊരിക്കലാണ് ദേശീയ കടുവ കണക്കെടുപ്പ് നടത്തുന്നത്.
ജൈവ വൈവിധ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ നടത്തുന്ന കണക്കെടുപ്പ് സംസ്ഥാന വനം വകുപ്പുകളുടെയും മറ്റു പങ്കാളികളുടെയും നേതൃത്വത്തിലാണ് നടപ്പാക്കുന്നത്.
പുതിയ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 2,967 കടുവകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ 2,461 കടുവകളുടെ (83%) ചിത്രവും ലഭിച്ചിട്ടുണ്ട്. ഇത് സര്‍വ്വേ നടപടികളുടെ സമഗ്രത വെളിപ്പെടുത്തുന്നു.
ഒരു മൃഗത്തിനു മാത്രം ഊന്നല്‍ നല്‍കിയുള്ള, ‘പ്രൊജക്റ്റ് ടൈഗര്‍’ പോലൊരു പദ്ധതി ആഗോളതലത്തില്‍ തന്നെ വിരളമാണ്. 9 കടുവസംരക്ഷണ കേന്ദ്രങ്ങളുമായി ആരംഭിച്ച പദ്ധതിക്ക് കീഴില്‍ നിലവില്‍ 50 കടുവസംരക്ഷണ കേന്ദ്രങ്ങള്‍ ഉണ്ട്.
കടുവാ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ലോകത്തിനു തന്നെ ഇപ്പോള്‍ നേതൃത്വം നല്‍കുന്നു. കടുവാ സംരക്ഷണ പ്രവര്‍ത്തന മേഖലയില്‍ നാം പിന്തുടരുന്ന മാര്‍ഗങ്ങളും നടപടികളും ആഗോളതലത്തില്‍ തന്നെ ഒരു മാതൃകയായി വിലയിരുത്തപ്പെടുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: