തൃശൂര്‍: ചാവക്കാട് തളിക്കുളം തൃവേണിയില്‍ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് റോഡില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ അഞ്ചു പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി ഇരുപത്തിയൊന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി ഉത്തരവിട്ടു.
തളിക്കുളം തൃവേണി പുത്തന്‍പുരയില്‍ നിഹാര്‍(46), സഹോദരന് നിസാമുദിന്‍(42), തളിക്കുളം തമ്പാന്‍കടവ് പോക്കാക്കില്ലത്ത് ഫൈസല്‍(27), വാടാനപ്പള്ളി പണിക്കവീട്ടില്‍ ജൂനൈദ്(32), തളിക്കുളം എടശ്ശേരി യൂനസ്(36) എന്നിവരെയാണ് അസി. സെഷന്‍സ് ജഡ്ജ് ടി.ഡി. ബൈജു ശിക്ഷിച്ചത്. വാടാനപ്പള്ളി പുതിയേടത്ത് പ്രജോഷിനെ(27) വധിക്കാന്‍ ശ്രമിച്ച കേസിലാണ് വിധി.
കേസിലെ ആറും ഏഴും പ്രതികളായ തമ്പാന്‍കടവ് പുത്തന്‍പുരയില്‍ അബ്ദുല്‍ റഹീം(24), തമ്പാന്‍കടവ് പുത്തന്‍പുരയില്‍ അബ്ദുല്‍ റഷീദ്(22) എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി ഒന്‍പതര വര്‍ഷവും ശിക്ഷ വിധിച്ചു. ഒന്ന് മുതല്‍ അഞ്ചു വരെ പ്രതികളെ വിവിധ വകുപ്പുകളിലായി ഇരുപത്തിയൊന്നര വര്‍ഷം ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. വധശ്രമം ഏഴുവര്‍ഷം, മാരകമായി അടിച്ച് പരിക്കേല്‍പ്പിച്ചതിന് ഏഴുവര്‍ഷം, മറ്റു വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ശിക്ഷ. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ വി.എസ്. മോഹന്‍ദാസ്, കെ.ബി. സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: