വസിഷ്ഠശാപത്താല്‍ ത്രിശങ്കുവായ സത്യവ്രത മഹാരാജന് സ്വര്‍ഗത്തില്‍ സ്ഥാനമില്ലെന്ന് ദേവേന്ദ്രന് വിധിച്ചതോടെ ദേവന്മാര് ത്രിശങ്കുവിനെ സ്വര്‍ഗകവാടത്തില്‍ നിന്നും തള്ളി. ആ തള്ളലില്‍ ത്രിശങ്കു തലകീഴായി അവിടെ നിന്നും വീണതായി ശ്രീമദ്ഭാഗവതത്തില്‍ പറയുന്നു. താഴേക്ക് പതിക്കാനാരംഭിച്ച ത്രിശങ്കുവിനായി വിശ്വാമിത്ര മഹര്‍ഷി തന്റെ തപോബലം പ്രകടമാക്കി. ആ തപസ്സിന്റെ പുണ്യത്താല്‍ ത്രിശങ്കു വീണ്ടും മുകളിലേക്കുയര്‍ന്നു. സ്വര്‍ഗത്തിലെത്തും മുമ്പ് ദേവന്മാര് ത്രിശങ്കുവിനെ സ്തംഭിപ്പിച്ചതായി ഭാഗവതത്തില്‍ കാണുന്നു. ഇതു കണ്ട വിശ്വാമിത്ര മഹര്‍ഷി അവിടെ പുതിയൊരു സ്വര്‍ഗമുണ്ടാക്കി ത്രിശങ്കുവിന് വാസസ്ഥാനമൊരുക്കാനാരംഭിച്ചു. ഇതാണ് ത്രിശങ്കു സ്വര്‍ഗമെന്ന് അറിയപ്പെടുന്നത്.
സത്യവ്രതന് ദേവീ ഉപാസന കൊണ്ട് അനുഗൃഹീതനായ പുണ്യവാനാണ്. ദേവിയുടെ അനുഗ്രഹത്താല്‍ ചണ്ഡാളദേഹം മാറി, ദിവ്യദേഹനായവനാണ്. അതിനാല്‍ ഇന്ന് ത്രിശങ്കുവെന്ന് വിളിക്കുന്നതു പോലും ശരിയല്ലെന്ന് വിശ്വാമിത്രന് വിശ്വസിക്കുന്നു. സത്യവ്രതന് എന്ന മനോഹരമായ പേരും പെരുമയും പ്രഭാവവുമാണ് ആ മഹാന് യോജിച്ചത്. ഇതെല്ലാം ദേവീഭാഗവതത്തില്‍ വിശദമാക്കുന്നുണ്ട്.
യദൈവോപാസിതാദേവീ
ഭക്ത്യാസത്യവ്രതേനഹ
തയാപ്രസന്നയാ രാജന്
ദിവ്യദേഹ കൃതഃക്ഷണാത്
പിശാചത്വം ഗതം തസ്യ
പാപം ചൈവക്ഷയം ഗതം
വിപാപ്മാചാതിതേജസ്വീ
സംഭൂതസ്തത്കൃപാമൃതാത്
എന്ന് ദേവീഭാഗവതത്തില്‍ ശ്രീവേദവ്യാസന്‍ ജനമേജയ രാജാവിന് പറഞ്ഞുകൊടുക്കുന്നുണ്ട്. ദേവീപ്രസാദത്താല്‍ സത്യവ്രതന് ദിവ്യദേഹം ലഭിച്ചു. ആ ക്ഷണത്വത്തില്‍ തന്നെ ത്രിശങ്കു എന്ന പിശാചത്വ ബന്ധനം മാറി. എല്ലാ പാപങ്ങളും നശിച്ചു. ദേവീകൃപയാല്‍ അതി തേജസ്വിയായി മാറി.
ഇങ്ങനെ പല പിശാചത്വം തീര്‍ന്ന് ദിവ്യഗേഹനായ ഘട്ടത്തിലാണ് നിഷ്പാപനായ സത്യവ്രതനെ അച്ഛന് അരുണ മഹാരാജാവ് കൊട്ടാരത്തിലേക്ക് തിരിച്ചു വിളിച്ച് രാജാഭിഷേകം ചെയ്തത്. ദേവ്യനുഗ്രഹത്താല്‍ നാടിന്റെ വരള്‍ച്ചകളെല്ലാം അകറ്റി, വളര്‍ച്ച പ്രാപ്തമാക്കാന്‍ സത്യവ്രതന് കഴിഞ്ഞു.
കാലങ്ങള്‍ക്കു ശേഷമാണ് സത്യവ്രതന് തന്റെ പുത്രന് ഹരിശ്ചന്ദ്രനെ രാജാവാക്കി അഭിഷേകം ചെയ്തത്. തുടര്‍ന്നാണ് തനിക്ക് ഈ ദിവ്യദേഹത്തോടെ സ്വര്‍ഗം പൂകണമെന്ന് സത്യവ്രതന് ആഗ്രഹം തീവ്രമായത്. ഒരിക്കല്‍ കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ മുന്നില്‍ കൈകൂപ്പിച്ചെന്ന് സത്യവ്രതന് തന്റെ ആഗ്രഹമറിയിച്ചു.
യാജയത്വം മഖേനാശു താദൃശേന മഹാമുനേ
യഥാനേന ശരീരേണ വസേ ലോകം ത്രിവിഷ്ടപം
ഹേ, ഭഗവന്‍, മഹാമുനേ എനിക്ക് ഈ ശരീരത്തോടെ തന്നെ സ്വര്‍ഗത്തില്‍ പോകാന്‍ ഉതകും വിധം അങ്ങ് ഉടന്‍ തന്നെ ഒരു യജ്ഞം നടത്തിയാലും. ഉടലോടെ സ്വര്‍ഗത്തില്‍ പോകാനുള്ള അവസരം വളരെ ദുര്‍ലഭമാണെന്ന് വസിഷ്ഠന് വ്യക്തമാക്കി. നിനക്ക് അത് ഒരിക്കലും സാധ്യമാകില്ല.
എന്നാല്‍ വസിഷ്ഠ മഹര്‍ഷിക്ക് അപ്പാകത്തിനുള്ള മന്ത്രശക്തിയുണ്ടെന്ന കാര്യത്തില്‍ ഉറപ്പുള്ള ശിഷ്യന് കുലഗുരുവിനെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എന്നിട്ടും കുലഗുരു കനിയുന്നില്ല എന്നു കണ്ടപ്പോള്‍ സത്യവ്രതന് മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിച്ചു. കുലഗുരുവിന് സാധ്യമല്ലെങ്കില്‍ ഞാന്‍ മറ്റാരെയെങ്കിലും കൊണ്ട് യജ്ഞം നടത്തിക്കട്ടെയെന്ന് സത്യവ്രതന് വസിഷ്ഠ മഹര്‍ഷിയോട് ആരാഞ്ഞു.
ഇതുകേട്ടതും വസിഷ്ഠ മഹര്‍ഷിയുടെ ഉള്ളില്‍ പുകഞ്ഞുകൊണ്ടിരുന്ന രോഷം പതഞ്ഞു പൊങ്ങി. നിനക്ക് ഒരിക്കലും സ്വര്‍ഗം ലഭിക്കില്ല. ഈ ഉടലു നശിച്ചാലും അനേകം ജന്മത്തേക്ക് നിനക്ക് സ്വര്‍ഗത്തില്‍ സ്ഥാനമുണ്ടാകില്ല. നീ ചണ്ഡാളനായി തന്നെ ബഹുജന്മങ്ങള്‍ ജീവിക്കും. ഇത്തരം ശാപവചനങ്ങളാണ് വസിഷ്ഠ മഹര്‍ഷിയുടെ നാവില്‍ നിന്നും അടര്‍ന്നു വീണത്.
ഗായത്രീജപം ഏറെ നടത്തിയ വസിഷ്ഠ മഹര്‍ഷി ഇങ്ങനെ ശപിച്ചതോടെ സത്യവ്രതന് ഏറെ വിഷമിച്ചു. കൊട്ടാരം വിട്ട് ഇറങ്ങിപ്പോയി. ഒരു ഭ്രാന്തനെപ്പോലെ പലയിടത്തും ഓടി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: