ന്യൂദല്‍ഹി: രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മോദി സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍. കസ്റ്റംസിന്റെ അന്വേഷണ റിപ്പോര്‍ട്ടുകളും സംഭവത്തിന്റെ ആഴവും വിലയിരുത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അന്വേഷണം എന്‍ഐഎക്ക് കൈമാറി. രാജ്യത്ത് ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണ വലയിലാകുന്നത്.
പിണറായി സര്‍ക്കാരിനും സിപിഎമ്മിനും കനത്ത തിരിച്ചടിയാണിത്. പ്രധാനമന്ത്രിയുടെ ഓഫീസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന സുപ്രധാന കേസായി തിരുവനന്തപുരത്തെ സ്വര്‍ണക്കള്ളക്കടത്ത്.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കേസായതിനാലാണ് എന്‍ഐഎയ്ക്ക് കൈമാറിയതെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അടക്കം ആരോപണ വിധേയരായ കേസാണിത്.
ശതകോടികളുടെ സ്വര്‍ണമാണ് പ്രതിവര്‍ഷം കേരളത്തിലേക്ക് കടത്തുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പ്രാഥമിക അന്വേഷണം നടത്തിയ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ലഭിച്ച ചില സുപ്രധാന വിവരങ്ങളും കേസ് എന്‍ഐഎയ്ക്ക് കൈമാറാന്‍ കാരണമാണ്. കേസിലെ കസ്റ്റംസ് അന്വേഷണവും തുടരും.
അതിനിടെ കേസില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി കസ്റ്റംസ് കേന്ദ്രധനമന്ത്രാലയത്തിന് സമര്‍പ്പിച്ചു. രാജ്യവിരുദ്ധ ശക്തികള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തല്‍. കൂടുതല്‍ ഊര്‍ജിതമായി കേസന്വേഷണം തുടരാനാണ് കസ്റ്റംസിന് ധനമന്ത്രാലയം നല്കിയ നിര്‍ദേശം.
കേരളത്തിലെ ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രധനമന്ത്രാലയം അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ഏറ്റെടുത്തത്. ദിവസവും അന്വേഷണ പുരോഗതി ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിലയിരുത്തും.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ബന്ധം പ്രതികള്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സ്വപ്നയെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ. പരാതി ഉയര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെ കേസന്വേഷണവുമായി യാതൊരു വിധത്തിലും ബന്ധപ്പെടുത്തേണ്ടതില്ലെന്നും മുതിര്‍ന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: