കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് സിവില്‍ പോലീസ് റാങ്ക് ലിസ്റ്റിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം. റാങ്ക് ലിസ്റ്റ് കാലാവാധി നീട്ടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
ഒരു വര്‍ഷ കാലാവധിയുളള ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷം കാലാവധിയുളള ലിസ്റ്റില്‍ നിന്നുളള നിയമനം ആദ്യം പരീക്ഷയ്ക്കിടെ എസ്എഫ്ഐ നേതാക്കള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനം കോടതി സ്റ്റേ ചെയ്തിരുന്നു. നാല് മാസം ഇതുവഴി നഷ്ടപ്പെട്ടു. തുടര്‍ന്ന് കോറോണ രോഗ വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് മൂന്ന് മാസവും നിയമനം നടന്നില്ല. ഇക്കാരണത്താല്‍ ലിസ്റ്റ് കേവലം അഞ്ച് മാസ കാലാവധിയിലൊതുങ്ങിയതായി സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ സിവില്‍ പോലീസ് ഓഫീസേഴ്സ് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് കേരളയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രാവിലെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാര്‍ ചിലര്‍ കലക്ട്രേറ്റിന് സമീപമുളള കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയത് ഏറെ നേരം ആശങ്കയ്ക്കിടയാക്കി. തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുളളവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് സമരവും പ്രതിഷേധവും അവസാനിപ്പിച്ച് സമരക്കാര്‍ പിരിഞ്ഞു പോവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: