നെന്മാറ: കൊറോണ കാലത്ത് പരാതി പരിഹാരത്തിന് പുതിയ മാര്‍ഗവുമായി നെന്മാറ പോലീസ്. ഫെയ്സ്ബുക്ക്, വാട്സ് ആപ്പ് എന്നീ നവമാധ്യമങ്ങളിലൂടെ പരാതികള്‍ സ്വീകരിച്ചാണ് നെന്മാറ പോലീസ് പരാതി പരിഹാരത്തിന് പുതിയ രീതി ആരംഭിച്ചിരിക്കുന്നത്.
ചില സ്ഥലങ്ങളില്‍ പരാതിക്കാരുമായും കുറ്റവാളികളുമായും സമ്പര്‍ക്കം പുലര്‍ത്തിയ പോലീസുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നെന്മാറ പോലീസ് പരാതി പരിഹാരത്തിന് പുതിയ രീതി ആരംഭിച്ചിരിക്കുന്നത്.
പരാതിക്കാര്‍ക്ക് സ്റ്റേഷന്റെ ഫെയ്സ്ബുക്ക് പേജ് വഴിയോ, വാട്സ്ആപ്പ് നമ്പര്‍ വഴിയോ പരാതി നല്‍കാം. പരാതിയുടെ രഹസ്യസ്വഭാവം ചോരാത്ത രീതിയിലാണ് നവമാധ്യമങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മാത്രമല്ല സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥനുമായി വാട്സ്ആപ്പ് വീഡിയോകോളിലൂടെ നേരിട്ട് സംസാരിക്കുകയും ചെയ്യാം.
നാട്ടിലെ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വാട്സ്ആപ്പ് നമ്പറില്‍ മെസേജ് അയക്കാം.
മറ്റു സേവനങ്ങളായ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വാട്സ്ആപ്പിലൂടെ അപേക്ഷിക്കാമെന്നും നെന്മാറ സിഐ എ. ദീപകുമാര്‍ പറഞ്ഞു.
നെന്മാറ ജനമൈത്രി പോലീസിന്റെ ഭാഗമായി സൗജന്യ ഓണ്‍ലൈന്‍ പിഎസ്സി ക്ലാസുകളും ആരംഭിക്കാനിരിക്കുകയാണ്.
കെ.ബാബു എംഎല്‍എ സിഐ എ. ദീപകുമാറിന് വീഡിയോ കോള്‍ ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്്തു. 04923-243399 എന്ന സ്റ്റേഷന് നമ്പറിലാണ് പരാതി സ്വീകരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: