മലയാള സാഹിത്യത്തിന്റെ വിവിധ മേഖലകളെ നവീകരിച്ച അസാധാരണ പ്രതിഭയാണ് ഒ.വി. വിജയന്. മിതഭാഷിയായിരുന്നു. പ്രസംഗം തീരെയില്ല. പ്രസംഗിക്കേണ്ട അനിവാര്യ സാഹചര്യമുണ്ടായാല്‍ എഴുതിക്കൊണ്ടുവന്ന് വായിക്കും. പാര്ക്കിന്സണ് രോഗത്തിന്റെ പീഡനം മൂലം നട്ടംതിരിഞ്ഞ വിജയന് കൈകൊണ്ട് എഴുതുന്നത് ഒപ്പിടാന്‍ മാത്രമായിരുന്നു. മറ്റുള്ളവരെക്കൊണ്ട് എഴുതിച്ച് തന്റെ ഒപ്പിട്ട് അയച്ച കത്തുകള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.
അവസാന നാളില്‍, കൈ പണിമുടക്കിയതിനു പുറമെ, സംസാരിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായി. അപ്പോഴൊക്കെ, സന്ദര്‍ശകരായി വരുന്നവരെ തന്റെ ചിന്തകള്‍ ഒരു പേപ്പറില്‍ എഴുതിക്കാണിക്കും. ഒരിക്കല്‍ എറണാകുളം ഗസ്റ്റ് ഹൗസില്‍ കണ്ടപ്പോള്‍ വിജയന് ഇങ്ങനെ എഴുതിക്കാണിച്ചു. ”തലമുറകള്‍ എനിക്ക് തൃപ്തി നല്‍കിയില്ല. അത് വേണ്ടപോലെ തിരുത്താന്‍ കഴിഞ്ഞില്ല.”
വിജയന് 1969 ല്‍ എഴുതിയ ‘ഖസാക്കിന്റെ ഇതിഹാസം’ തുടക്കത്തില്‍ ചില എതിര്‍പ്പുകള്‍ നേരിട്ടുവെങ്കിലും പിന്നീട് അത് ഒരു നാഴികക്കല്ലായി മാറി. ഒരു സാഹിതി ദൈവമായി വിജയന് രൂപാന്തരപ്പെട്ടു. മുകളില്‍ വെളുത്ത കാലവര്‍ഷം പെരുവിരലോളം ചുരുങ്ങി എന്ന് എഴുതിയത്, നമ്മുടെ ഭാഷയെ ആകെ മാറ്റിമറിച്ചു. ഏതാണ് ഈ പെരുവിരല്‍? കൃഷ്ണന്റെ പെരുവിരല്‍ തന്നെ. ഏതാണ് ഈ മഴ? അത് മൃത്യുവാണ്. ‘ധര്മപു
രാണം’ ഭാരതീയ മിത്തുകള്‍ ഉപയോഗിച്ച് എഴുതപ്പെട്ട പ്രക്ഷോഭകരമായ രചനയാണ്. അധികാരദാഹത്തെയാണ് അതില്‍ ആക്ഷേപിച്ചത്. മധുരം ഗായതി ഭാരതത്തിന്റെ പ്രകൃതി- പുരുഷ സംയോഗത്തിന്റെ ആവിഷ്കാരമാണ്. ‘ഗുരുസാഗരം’ ഭാരതത്തിലെ ഗുരു സങ്കല്പം അറിവാണെന്ന് പ്രഖ്യാപിക്കുന്നു.
വിജയന് കമ്യൂണിസ്റ്റോ ഇടതുപക്ഷാനുഭാവിയോ അല്ലായിരുന്നു. എന്നാല്‍ ഗാന്ധിജിയോട് വലിയ ആദരവാണുള്ളതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. വിജയന് കാര്‍ട്ടൂണിസ്റ്റും ചരിത്രാന്വേഷിയും ആയിരുന്നു. എന്നാല്‍ എന്നും ത്വരിപ്പിച്ച, അസ്വസ്ഥപ്പെടുത്തിയ കൃതി ഭാഗവതമാണ്. ഒരിക്കല്‍ കോട്ടയത്ത് ഒരു ഹോട്ടലില്‍ തന്റെ കൃതികളില്‍ ഏതാണ് ഏറ്റവും ഇഷ്ടമെന്ന് എന്നോട് ചോദിച്ചു. ‘ഗുരുസാഗരം’ എന്നു പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു: ”എനിക്കും ഗുരുസാഗരമാണ് ഇഷ്ടം.”
എം.കെ. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: