റിയാദ് : കാലാവധി കഴിഞ്ഞ ഇക്കാമയും, രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീഇൻട്രി വിസകളും മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിറക്കി. രാജ്യത്തിനകത്തുള്ള പ്രവാസികളുടെ ഇക്കാമയും, സന്ദർശക വിസയിൽ എത്തി സൗദിയിൽ തങ്ങുന്നവരുടെ വിസയും മൂന്നു മാസത്തേക്ക് കുടി യാതൊരു ചാർജും ഈടാക്കാതെ പുതുക്കി നൽകും.
കൊറോണ വൈറസ് വ്യാപനം മൂലം വ്യക്തികൾക്കും സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും അനുഭവിക്കേണ്ടി വന്ന സാമ്പത്തിക വിഷമതകൾ ലഘൂകരിക്കാനുള്ള സർക്കാറിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ എന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഉത്തരവിന്റെ ഗുണഭോക്താക്കളിൽ എക്സിറ്റ്, റീഎൻട്രി വിസകളിൽ രാജ്യത്തിന് പുറത്തുള്ള എല്ലാ പ്രവാസികളും ഉൾപ്പെടുന്നു. ലോക്ക്ഡൗൺ കാലയളവിലും ലോക്ക്ഡൗൺ എടുത്ത് കളഞ്ഞതിനു ശേഷവും വിസ പുതുക്കാൻ കഴിയാത്തവർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക.
സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതിനാൽ വിസ കാലാവധി പൂർത്തിയാകുന്നതിനോ, ഇക്കാമ പുതുക്കുന്നതിനോ മുൻപ് രാജ്യത്തിനു പുറത്തുള്ള പ്രവാസികൾക്ക് സൗദിയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: