തിരുവനന്തപുരം: കൊറോണ പരിശോധന വൈകിയതിനെ തുടര്‍ന്ന് വൃദ്ധ ദമ്പതികളുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസം. വെഞ്ഞാറമൂട് വെള്ളുമണ്ണടി ബാലന്‍പച്ച പുലയരുകുന്നില്‍ വീട്ടില്‍ വാസുദേവന്‍ (80), ഭാര്യ സരസ്വതി അമ്മ (75) എന്നിവരുടെ മൃതദേഹമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലുള്ളത്. കൊറോണ പരിശോധന നടത്താനെടുത്ത സാമ്പിളുകള്‍ പോലും കാണാനില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍.
ജൂണ്‍ 23ന് പുലര്‍ച്ചെയാണ് ഇരുവരെയും വിഷം കഴിച്ച് അവശനിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ ഒന്നിന് ആറു മണിക്ക് വാസുദേവനും ആറരയോടെ സരസ്വതി അമ്മയും മരിച്ചു. കൊറോണ പരിശോധന നടത്തിയ ശേഷം പിറ്റേന്ന് തന്നെ മൃതദേഹം വിട്ടു നല്‍കാമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
എന്നാല്‍ രണ്ടാം തീയതി രാവിലെ മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നപ്പോള്‍ ഒരാളുടെ പരിശോധനാഫലമെ വന്നിട്ടുള്ളൂ എന്നാണ് ആദ്യം പറഞ്ഞത്. രണ്ടാമത്തെ ആളുടെ ഫലം വരാന്‍ രണ്ട് ദിവസം എടുക്കുമെന്നും മൃതദേഹങ്ങള്‍ ഒന്നിച്ചു നല്‍കാമെന്നും പറഞ്ഞ് ബന്ധുക്കളെ തിരിച്ചയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി ബന്ധുക്കള്‍ ആശുപത്രിയിലെത്തി അന്വേഷിക്കുന്നുണ്ടെങ്കിലും ഫലം ലഭിച്ചില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇതോടെ മൃതദേഹം മോര്‍ച്ചറിക്കുള്ളില്‍ നിന്ന് പുറത്തിറക്കാനാകാതായി.
ഇന്നലെ മെഡിക്കല്‍ കോളേജിലെ കൊറോണ പരിശോധനാ വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു പരിശോധന നടന്നതിനുള്ള രേഖകള്‍ കണ്ടെത്താനായില്ലെന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയവര്‍ പറയുന്നു. ഒടുവില്‍ ബഹളം വച്ചതോടെ ഒരാളുടെ പരിശോധനാഫലം ലഭിച്ചുവെന്നും രണ്ടാമത്തെയാളുടെ നാളെ രാവിലെ നല്‍കാമെന്നും അറിയിച്ചു.
എന്നാല്‍ ലഭിച്ച ഫലം ഇവര്‍ക്കു നല്കാന് തയാറായതുമില്ല. അതേസമയം ഇത്തരം സമാന സംഭവങ്ങളില്‍ പരിശോധനാഫലത്തിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്ക് എടുക്കുവാന്‍ അനുവദിക്കുന്നുണ്ടെന്നും വാസുദേവന്റെ അയല്‍വാസി ജന്മഭൂമിയോട് പറഞ്ഞു. മൃതദേഹത്തില്‍ നിന്നും സ്രവമെടുത്തതിന്റെ രേഖകള്‍ കാണിക്കാന്‍പോലും തയാറായിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: