കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മൂന്ന് കടകളില്‍ കവര്‍ച്ച. കല്ലായ് റോഡ് യമുന ആര്‍ക്കേഡിലാണ് മോഷണം. പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്, എക്സ്പ്രസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഡിടിപി സെന്റര്‍, മഹാദേവ് സ്പെയേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടന്നത്. പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 20,500 രൂപയും മഹാദേവ് സ്പെയേഴ്സിലെ 15,000 രൂപയുമാണ് മോഷണം പോയത്. എക്സ്പ്രസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഡിടിപി സെന്ററില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. മൂന്നു കടകളുടെയും പൂട്ടു പൊളിച്ചാണ് മോഷണം നടന്നത്.
രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്നത് അറിയുന്നത്. ടൗണ്‍ സിഐ ഉമേഷ്, എസ്ഐ ബിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ദ്ധരായ എ.വി. ശ്രീജയ, ശ്രീരാജ് എന്നിവര്‍ പരിശോധന നടത്തി. പോലീസ് നായ റൂണി മോഷണം നടന്ന സ്ഥലത്ത് നിന്ന് മണം പിടിച്ച് കെട്ടിടത്തിന് പിന്നിലൂടെയുള്ള വഴിയിലൂടെ മേലേപാളയം വഴി റെയില്‍വേ ഗേറ്റ് വരെ ഓടി.
രാജസ്ഥാന് സ്വദേശിയും പുതിയറയിലെ താമസക്കാരനുമായ ജഗ്മാലറാമിന്റേതാണ് മഹാദേവ് സ്പെയേഴ്സ് കട. മിക്സി, സ്റ്റൗ, ഗ്രൈന്റര്‍ തുടങ്ങിയവയുടെ സ്പെയര്‍ പാര്‍ട്സ് ഹോള്‍സെയില്‍ വില്പന നടത്തുന്ന കടയാണിത്. കടയുടെ രണ്ടു ഷട്ടറുകളുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. ആദ്യ ഷട്ടര്‍ വഴി അകത്തുകയറാന്‍ സാധിക്കാഞ്ഞതിനെതുടര്ന്നാണ് രണ്ടാമത്തെ ഷട്ടര്‍ തകര്‍ത്തതെന്ന് കരുതുന്നു. മേശയുടെ വലിപ്പില്‍ ഉണ്ടായിരുന്ന ബില്ലുകളും മറ്റു പേപ്പറുകളും വാരിവലിച്ചിട്ട നിലയിലാണ്. ഇവിടെ നിന്ന് 15,000ത്തോളം രൂപ കവര്‍ന്നിട്ടുണ്ട്. കടയില്‍ മറ്റൊരു സ്ഥലത്ത് പണം സൂക്ഷിച്ചിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ല. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് കട.
കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പ്രധാനമന്ത്രി ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്. ഇവിടെ മേശയില്‍ സൂക്ഷിച്ചിരുന്ന 20,500 രൂപയാണ് കവര്‍ന്നത്. ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തുകയറിയത്. പഴശ്ശി ഫൗണ്ടേഷനും നാഷണല്‍ യുവ കോ- ഓപറേറ്റീവ് സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്നതാണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പ്. തൊട്ടടുത്താണ് എക്സ്പ്രസ് കമ്മ്യൂണിക്കേഷന്‍ ആന്റ് ഡിടിപി. തലശ്ശേരി സ്വദേശി പി.കെ. രജത്തിന്റേതാണ് കട. ഇവിടെ പണം സൂക്ഷിച്ചിരുന്നില്ല. ഇവിടുത്തെ ഗ്ലാസ് വാതില്‍ തകര്‍ക്കുകയും മേശയുടെ പൂട്ട് പൊളിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: