ഒറ്റപ്പാലം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഓണ്‍ലൈന്‍ പഠനം പ്രോത്സാഹിപ്പിച്ചിരിക്കെ അമ്പലപ്പാറ പഞ്ചായത്തിലെ ലാപ്പ്ടോപ്പ് വിതരണ പദ്ധതി മുടങ്ങിയിട്ട് രണ്ടു വര്‍ഷം.
പിന്നോക്കം നില്ക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് മുടങ്ങിയിരിക്കുന്നത്. ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പഞ്ചായത്ത് ആറ് ലക്ഷം രൂപ ചെലവില്‍ പദ്ധതി നടപ്പാക്കുന്നത്. മുന്‍കൂര്‍ തുകയടച്ച് കെല്‍ട്രോണ്‍ വഴിയായിരുന്നു ലാപ്ടോപ്പ് വിതരണം ചെയ്യേണ്ടിയിരുന്നത്.
ഗ്രാമസഭകള്‍ വഴി പഞ്ചായത്തിലെ ഓരോ വാര്‍ഡുകളിലെയും അര്‍ഹതപ്പെട്ട രണ്ട് വീതം വിദ്യാര്‍ഥികളെ തിരഞ്ഞെടുത്താണ് ലാപ്ടോപ്പുകള് നല്‍കുന്നത്.
ഇത് പ്രകാരം എല്ലാ വാര്‍ഡില്‍ നിന്നും രണ്ട് പേരുടെ വീതം ലിസ്റ്റ് പഞ്ചായത്തംഗങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നല്‍കിയെങ്കിലും 2018-19ലും 2019-20ലും വിതരണം നടന്നില്ല. 2018-19ല്‍ നടപടി ക്രമങ്ങളെല്ലാം പാലിച്ച് ലാപ്ടോപ്പ് വിതരണത്തിന് ആറ് ലക്ഷം രൂപ ട്രഷറിയില്‍ അടച്ചെങ്കിലും അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ തുക മാറി ലഭിക്കാത്ത കാരണം ആ വര്‍ഷത്തെ വിതരണം മുടങ്ങുകയായിരുന്നു.
2019-20ല്‍ ആറ് ലക്ഷത്തിന്റെ ബില്‍ വിഭജിച്ച് കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ രണ്ട് ലക്ഷം രൂപ കെല്‍ട്രോണിലേക്ക് അടച്ചെങ്കിലും ഇത് വരെ ലാപ്ടോപ്പ് വിതരണത്തിനെത്തിയിട്ടില്ല. പദ്ധതി വര്‍ഷം മാറിയതിനാല്‍ അടച്ച പണത്തിനുള്ള ലാപ്ടോപ്പ് വിതരണവും അതോടെ നിലച്ചു.
2017-18വര്‍ഷത്തില്‍ സുഗമമായി നടപ്പാക്കിയിരുന്ന പദ്ധതിയാണ് പഞ്ചായത്തിന്റെ അശ്രദ്ധയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ കഴിയാതിരുന്നത്.
ലാപ് ടോപ്പ് വിതരണം 2020-21 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. കുഞ്ഞന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: