ബംഗളൂരു: അതിസൂക്ഷ്മ കണ്ണുകളുമായി ആകാശത്ത് വട്ടമിട്ടു പറക്കുന്ന പരുന്തുകളായിരുന്നു പ്രതാപ് എന്ന വിദ്യാര്‍ഥിയെ ഇപ്പോള്‍ രാജ്യത്തെ പ്രായം കുറഞ്ഞ ഡ്രോണ്‍ ശാസ്ത്രജ്ഞന് എന്ന നിലയില്‍ എത്തിച്ചത്. കര്‍ണാടകയിലെ മണ്ഡ്യ സ്വദേശിയായ 22 കാരന് പ്രതാപ് എന്‍.എം. ആറു വര്‍ഷം കൊണ്ടു നിര്‍മിച്ചത് മികവേറിയ 600 ഡ്രോണുകളാണ്. 14ാം വയസില്‍ ഡ്രോണ്‍ നിര്‍മാണം തുടങ്ങിയെങ്കിലും ഫലം കണ്ടത് 16ാം വയസില്‍. ഉയര്‍ന്നു പൊങ്ങി ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുന്ന സാധാരണ ഡ്രോണ്‍ ആയിരുന്നു ആദ്യമായി നിര്‍മിച്ചത്. പിന്നീട് ഡ്രോണ്‍ സാങ്കേതികവിദ്യ കൂടുതല്‍ ആഴങ്ങളില്‍ പഠിച്ചു. ഇതിന്റെ ഫലമായ പല മോഡലുകളിലുള്ള 600 ഡ്രോണുകള്‍ ഇതിനകം പ്രതാപ് നിര്‍മിച്ചു കഴിഞ്ഞു. 2017 മുതല്‍ പ്രതാപിന്റെ കഴിവ് തിരിച്ചറിഞ്ഞ മിക്ക രാജ്യങ്ങളും ഇന്ത്യന്‍ വിദ്യാര്‍ഥിയെ അങ്ങോട്ടേക്ക് കൊണ്ടുപോയി. സ്കില്‍ ഇന്ത്യ മത്സരത്തില്‍ പ്രതാപ് നിര്‍മിച്ച ഡ്രോണിന് രണ്ടാം സമ്മാനം ലഭിച്ചു. ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലറിന്റെ സമയത്ത് ബോംബിങ്ങിന്റെ ഉള്‍പ്പെടെ കാര്യങ്ങള്‍ അറിയിക്കാന്‍ പ്രത്യേകതരത്തില്‍ കോഡ് ചെയ്ത സന്ദേശങ്ങള്‍ അയക്കുമായിരുന്നു. ക്രിപ്റ്റോഗ്രാഫി എന്നാണ് അതു അറിയപ്പെട്ടിരുന്നത്. ഈ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയാണ് തന്റേതായ ഡ്രോണ്‍ പ്രതാപ് വികസിപ്പിച്ചത്. സാധാരണഗതിയില്‍ ഡ്രോണുകളെ റഡാറുകള്‍ കണ്ടെത്താറുണ്ട്. എന്നാല്‍, ക്രിപ്റ്റോഗ്രാഫി ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഡ്രോണുകള്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ എന്താണെന്ന് തിരിച്ചറിയാന്‍ ശത്രുക്കള്‍ക്ക് സാധിക്കില്ല എന്നതാണ് ഇത്തരത്തിലുള്ള ഡ്രോണുകളുടെ സവിശേഷത. വിവിധ ഡ്രോണുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇതിനകം 87 രാജ്യങ്ങള്‍ പ്രതാപ് സന്ദര്‍ശിച്ചു കഴിഞ്ഞു.
പ്രതാപിന്റെ ഡ്രോണുകള്‍ക്ക് ഏറെ പ്രത്യേകതകളുണ്ട്. ഉപയോഗശൂന്യമായ ഇലക്ട്രോണിക് മാലിന്യങ്ങളിള്‍ നിന്നാണ് ഡ്രോണിന് ആവശ്യമായ സാധനങ്ങള്‍ പ്രതാപ് കണ്ടെത്തുന്നത്. ഇ-വെയ്സ്റ്റുകളില്‍ നിന്ന് നിര്‍മിക്കുന്നതിനാല്‍ പ്രതാപിന്റെ ഡ്രോണുകള്‍ക്ക് നിര്‍മാണച്ചെലവ് വളരെ കുറവ്.
ഡ്രോണുകളുടെ ഉപയോഗം മൂലം സന്തോഷവും അഭിമാനവും നിറഞ്ഞ നിരവധി നിമിഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു പ്രതാപ്. അതില്‍ സ്മരണീയമായതാണ് തന്റെ ഡ്രോണ്‍ മൂലം ആഫ്രിക്കയില്‍ ഒരു എട്ടുവയസുകാരിയുടെ ജീവന് രക്ഷിക്കാനായത്. സുഡാനില്‍ ഒരു പ്രോജക്റ്റുമായി പോയപ്പോഴായിരുന്നു അത്. ബ്ലാക്ക് മാംബ എന്നു പേരുള്ള കൊടുംവിഷമുള്ള പാമ്പിന്റെ നാടാണ് അത്. ഒരു വര്‍ഷം 22,000 ജനങ്ങള്‍ ഈ പാമ്പിന്റെ കടിയേറ്റ് മിരിച്ചിട്ടുണ്ട്. ഈ പാമ്പിന്റെ കടിയേറ്റാല്‍ പതിനഞ്ച് മിനിറ്റാണ് ജീവന് നഷ്ടപ്പൈന് വേണ്ടിവരിക. എട്ടു വയസുകാരിക്ക് പാമ്പു കടിയേറ്റെന്നും അടിയന്തരമായ ആന്റിവെനം വേണമെന്നും അറിഞ്ഞു. താന്‍ താമസിക്കുന്ന പ്രദേശത്ത് നിന്ന് റോഡ് മാര്‍ഗം പത്തു മണിക്കൂര്‍ യാത്രവേണ്ടിവരും ഗ്രാമപ്രദേശമായ ആ കുട്ടി താമസിക്കുന്ന ഇടത്തേക്ക്. ഗൂഗിള്‍ മാപ്പു വഴി പോലും ആ സ്ഥലം കണ്ടെത്താന്‍ പ്രയാസമായിരുന്നു. എങ്കിലും തന്റെ ഈഗിള്‍ 2.8 ഡ്രോണ്‍ ഉപയോഗിച്ച് ആന്റിവെനം എത്തിക്കാന്‍ തീരുമാനിച്ചു. മണിക്കൂറില്‍ 280 കിലോമീറ്റര്‍ സ്പീഡില്‍ ഈഗിളിന് സഞ്ചരിക്കാന്‍ ആകും. എട്ടര മിനിറ്റ് കൊണ്ടു ആ പെണ്‍കുട്ടിക്ക് മരുന്ന് എത്തിക്കാനും ജീവന് രക്ഷിക്കാനുമായി. പിന്നീട് ആ കുട്ടിയും അമ്മയും കിലോമീറ്ററുകള്‍ സഞ്ചരിച്ച് തന്നെ നേരില്‍ കണ്ട് നന്ദി അറിയിച്ചപ്പോള്‍ ഏറെ സന്തോഷവും അഭിമാനവും തോന്നിയെന്നും പ്രതാപ്.
ഫ്രാന്‍സ്, ജപ്പാന് രാജ്യങ്ങളില്‍ നിന്ന് യങ് സയന്റിസ്റ്റിനുള്ള അവാര്‍ഡും ജര്‍മനി, യുഎസ്എ എന്നിവിടങ്ങളില്‍ നിന്ന് ഡ്രോണ്‍ റിസര്‍ച്ചില്‍ ഗോള്‍ഡ് മെഡലും നേടിയിട്ടുണ്ട് പ്രതാപ്. തന്റെ കഴിവ് രാജ്യത്തിന്റെ പുരോഗതിക്കും സുരക്ഷയ്ക്കും വേണ്ടി വിനിയോഗിക്കണമെന്ന് ലക്ഷ്യമാണ് പ്രതാപിനുള്ളത്. വടക്കന്‍ കര്‍ണാടകയില്‍ അടുത്തിടെ പ്രളയമുണ്ടായപ്പോള്‍ അകപ്പെട്ടു പോയവര്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്കിയതും പ്രതാപിന്റെ ഡ്രോണുകളിലൂടെ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: