ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പിന്നിട്ട ഭാരതീയ സംസ്കൃതി ജനങ്ങളെ നന്നായി വിളക്കിച്ചേര്‍ക്കപ്പെട്ട സാമൂഹിക നിര്‍മിതി നടത്തുകയും, ദേശീയ ഏകതയില്‍ സംസ്ഥാനങ്ങളെ മറ്റുള്ളവയുമായി തുന്നിച്ചേര്‍ക്കുകയും ചെയ്യുന്നു. ശക്തമായ മൂല്യ സംവിധാനവും വൈജാത്യപൂര്‍ണമായ സംസ്കാരവും വ്യത്യസ്തമായ വസ്ത്രധാരണവും വിവിധ സുഗന്ധങ്ങളോടുകൂടിയ ഭക്ഷണങ്ങളും ജനങ്ങള്‍ക്കു പാരമ്പര്യമായുണ്ട്. പല ഭാഷകളില്‍ പല ശൈലികളില്‍ സംസാരിക്കുന്നു. അപ്പോഴും ദേശീയ സ്വത്വത്തിന്റെ ഭാഗമായി നിലകൊള്ളുകയും ചെയ്യുന്നു. ഏകഭാരതം ശ്രേഷ്ഠഭാരതം ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ പ്രചാരണത്തില്‍ കേരളത്തിന്റെ ജോടിയാണ് ഹിമാചല്‍ പ്രദേശ്.
കുന്നുകള്‍ നിറഞ്ഞ ഹിമാചല്‍ പ്രദേശ് കരയാല്‍ ചുറ്റപ്പെട്ട സംസ്ഥാനമായതിനാല്‍ തീരദേശ സംസ്ഥാനമായ കേരളവുമായി പൂര്‍ണമായ അര്‍ഥത്തില്‍ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ ജനങ്ങളുടെ അഭിവൃദ്ധി, സ്ത്രീശാക്തീകരണം, സാമൂഹിക ക്ഷേമം, തദ്ദേശ സ്വയംഭരണം, വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന്റെ പങ്കും സര്‍ക്കാര്‍ നടത്തുന്ന പണച്ചെലവും എന്നിങ്ങനെ മനുഷ്യവികാസ സൂചികകളില്‍ ധാരാളം പൊരുത്തങ്ങളുണ്ട്.
വാര്‍ധക്യ-ക്ഷേമ പെന്‍ഷനുകള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ജനങ്ങള്‍ക്കു സാമ്പത്തിക ഉത്തേജനം തുടങ്ങിയ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി ഹിമാചല്‍ വലിയ തുക ചെലവിടുന്നുണ്ട്. ത്രിതല പഞ്ചായത്തീരാജ് സംവിധാനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വികസനത്തിനും സാമൂഹിക അഭിവൃദ്ധിക്കുമായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലും, സ്ത്രീശാക്തീകരണത്തിലും തൊഴില്‍ സംരക്ഷണം സാധ്യമാക്കുന്നതിലും, ഉയര്‍ന്ന സാക്ഷരതാ നിരക്കിലും പങ്കുണ്ട്. വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്കു നാമമാത്രമായി പരിമിതപ്പെടുത്തുന്നതിലും, നൂറു ശതമാനം സ്കൂള്‍ പ്രവേശനം ഉറപ്പാക്കുന്നതിലും, വിദ്യാഭ്യാസത്തിന്റെ മികവിലും പൊതു ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിലും, ഔഷധ ചെടികളുടെ കാര്യത്തിലുള്ള മികവിലും, ചെടികളില്‍നിന്ന് ഔഷധങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിലും ഇത്തരം സ്ഥാപനങ്ങള്‍ പങ്കുവഹിക്കുന്നുണ്ട്. വികസനാധിഷ്ഠിത വിനോദസഞ്ചാരത്തിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നദി, പ്രകൃതി എന്നിവയ്ക്കുള്ള പങ്ക് തുടങ്ങിയ വിഷയങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഭൂപ്രകൃതിയിലെ വൈവിധ്യത്താലും വശ്യവും അകളങ്കിതവുമായ പ്രകൃതിഭംഗിയാലും അയല്‍സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമാണ് ഹിമാചല്‍.
എല്ലാ വര്‍ഷവും പ്രദര്‍ശനങ്ങള്‍, ഉല്സവങ്ങള് എന്നിവയും വിവാഹങ്ങള്‍, മറ്റു വിശിഷ്ടമായ ചടങ്ങുകള്‍ എന്നിവയും വഴി ഹിമാചല്‍ പ്രദേശിലെ ഗ്രാമീണ ജീവിതത്തില്‍ നാടോടി നൃത്തങ്ങള്‍ക്കും മറ്റു നൃത്തരൂപങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. പ്രദര്‍ശനങ്ങളില്‍ നാടോടി ഗാനമേളകള്‍ അരങ്ങേറും. സംസ്ഥാനത്തെ ഓരോ ദേവതയ്ക്കും പ്രത്യേക വാദ്യവും പ്രത്യേക കലാകാരന്മാരും ഉണ്ട്. പാട്ടുകളും നൃത്തങ്ങളും ആസ്വദിക്കുന്നതിനായി പ്രത്യേക സംഗീത പരിപാടിയിലൂടെ ജനങ്ങളെ ക്ഷണിക്കുന്നു.
ഗ്രാമങ്ങളില്‍ മരത്തടിയില്‍ നിര്‍മിച്ച വീടുകളിലാണ് സംസ്ഥാനത്തു ജനങ്ങളേറെയും കഴിയുന്നത്. മലമ്പ്രദേശ വാസ്തുവിദ്യ ദീര്‍ഘകാലം നിലനില്‍ക്കത്തക്കതും ആകര്‍ഷകവുമാണ്. കലകളാല്‍ സമ്പന്നമായ വീടുകളും ക്ഷേത്രങ്ങളും പരമ്പരാഗത പഹാരി വാസ്തുവിദ്യാ ശൈലിയില്‍ നിര്‍മിക്കപ്പെട്ടവയാണ്. തദ്ദേശീയമായി ലഭ്യമായ മരത്തടികളും കല്ലുകളും ചെളിയുമൊക്കെ ഉപയോഗിച്ചാണ് ഇവ നിര്‍മിക്കുന്നത്. മിക്ക ഗ്രാമങ്ങളും റോഡുകളാല്‍ ബന്ധിതവും ദേവദാരു, പൈന്‍ തുടങ്ങിയ സുന്ദരമായ മരങ്ങളാല്‍ ചുറ്റപ്പെട്ടവയുമാണ്.
സംസ്ഥാനത്തിന്റെ വന്യജീവികള്‍ രാജ്യത്താകമാനവും പുറത്തുമുള്ള എത്രയോ പ്രകൃതി-പക്ഷി സ്നേഹികളെ ആകര്‍ഷിച്ചുവരുന്നു. ഒരു വര്‍ഷം 1.7 കോടി സഞ്ചാരികളെത്തുന്ന ഈ സംസ്ഥാനം രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉരുകുന്ന മഞ്ഞ്, നദികളും തടാകവും, ഹിമക്കട്ടകള്‍, ശുദ്ധജല ഉറവകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങിയവ മലയോര സംസ്ഥാനത്തേക്കു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എത്രയോ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഷിംല, മണാലി, ദല്ഹൗസി, ഖജ്ജിയാര്‍, ധര്‍മശാല, കല്പ, കുഫ്രി, ചായ്ല്‍, നര്‍കണ്ട, കാസുലി എന്നിവ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രദേശങ്ങളായി കണക്കാക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.
മലഞ്ചെരിവില്‍ കഴിയുന്നവര്‍ പരമ്പരാഗത കമ്പിളി പഹാരി വസ്ത്രമാണു ധരിക്കുന്നത്. ആധുനിക തുണി വ്യവസായ കാലത്തും ഇവര്‍ നൂല്‍നൂല്‍ക്കുന്നതിനും കൈത്തറി വസ്ത്ര നിര്‍മാണത്തിനുമുള്ള സംവിധാനങ്ങള്‍ സംരക്ഷിച്ചുപോരുന്നുണ്ട്. കുല്ലു ഷാളുകള്‍, ചാംബ, റുമാല്‍, ആപ്പിള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഉല്പന്നങ്ങള് ഭൂമിശാസ്ത്ര സൂചികാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
സര്‍വദിക്കുകളും കാണുന്ന കാഴ്ച കൂടാതെ, വൃക്ഷലതാദികള്‍ സുലഭമാണ്. എത്രയോ ഔഷധച്ചെടികള്‍ താനേ വളരുന്നു. പാരമ്പര്യ വൈദ്യ സംവിധാനത്തിനു സംസ്ഥാനം വളരെയധികം അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.
ഇന്ത്യയുടെ ആപ്പിള്‍ സ്റ്റേറ്റ് എന്നാണ് ഹിമാചല്‍ പ്രദേശ് അറിയപ്പെടുന്നത്. ഇതിനു പുറമെ, തക്കാളി, ഷിംല മുളക്, ചില പച്ചക്കറി ഇനങ്ങള്‍ എന്നിവയാണു മലയോര സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. വിദൂര ഗ്രാമങ്ങള്‍ പോലും പൂര്‍ണമായും വൈദ്യുതീകരിച്ചിട്ടുണ്ട് എന്നതിനാല്‍ ജലവൈദ്യുത പദ്ധതികള്‍ വികസിപ്പിക്കുന്നതില്‍ സംസ്ഥാനം കുതിച്ചുചാട്ടമുണ്ടാക്കി. കൂടുതലായി ഉല്പാദിപ്പിക്കുന്ന വൈദ്യുതി മറ്റു സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതിനായി ദേശീയ ഊര്‍ജ ഗ്രിഡിലേക്കു കൈമാറുകയാണു ചെയ്യുന്നത്.
ഗതാഗതവും ആശയവിനിമയവുമാണ് മലയോര സംസ്ഥാനം ഊന്നല്‍ നല്കുന്ന മേഖലകള്‍. 82 ശതമാനത്തോളം യാത്രക്കാരെയും ഒപ്പം ചരക്കും സര്‍ക്കാര്‍ ബസ് സര്‍വീസുകളാണു കൊണ്ടുപോകുന്നത്. അതിനാല്‍, സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക അടിസ്ഥാന സൗകര്യത്തിന്റെ ഊര്‍ജം റോഡ് ഗതാഗതമാണ്.
ഏക ഭാരതം, ശ്രേഷ്ഠഭാരതം വഴി രൂപീകരിക്കപ്പെട്ട ബന്ധങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ തിരിച്ചറിവിന്റെയും അംഗീകാരത്തിന്റെയും സജീവത പടര്‍ത്തുകയും പരസ്പര ബന്ധം സൃഷ്ടിക്കുകയും വഴി രാജ്യത്തിന്റെ ഐക്യവും ഊട്ടിയുറപ്പിക്കുന്നു.
മോഹന്‍ ലാല്‍ വര്‍മ്മ
(ലേഖകന്‍ ഷിംലയിലെ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ പത്രപ്രവര്‍ത്തകനാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: