നെയ്യാറ്റിന്‍കര: നഗരസഭയിലെ പതിനേഴാം വാര്‍ഡായ വഴുതൂരിനെ കണ്ടയിന്മെന്റ് സോണിലാക്കി ജില്ലാ കളക്ടര്‍ നവജ്യോത് സിങ് ഖോസ ഉത്തരവിറക്കി. തിരുവനന്തപുരം വിഎസ്എസ്സിയിലെ ജീവനക്കാരനായ വഴുതൂര്‍ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. കണ്ടെയിന്മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ച വഴുതൂരിലെ എല്ലാ റോഡുകളും പോലീസ് അടച്ചു. ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ആശുപത്രി ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണങ്ങളോടെ അനുമതി നല്‍കും. വിഎസ്എസ്സിയിലെ ട്രെയിനി ജീവനക്കാരന് കൊറോണ ബാധിച്ചത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല.
ഇക്കഴിഞ്ഞ ജൂണ്‍ 29 ന് കൊറോണ പരിശോധന നടത്തുകയും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. ഉറവിടം അവ്യക്തമായ കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുന്നത് ആശങ്ക ജനിപ്പിക്കുന്നു. കൂടാതെ ബാലരാമപുരത്തിന് സമീപവും കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്ടുകാര്‍. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ തളയല് കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: