ബാഴ്സലോണ: സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയില്‍ നിന്ന് ലയണല്‍ മെസ്സി മാറാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മെസ്സി അവസാനിപ്പിച്ചതായി സ്പാനിഷ് റേഡിയോ സ്റ്റേഷനായ കാഡെന സെര് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ ബാഴ്സയുമായുള്ള മെസ്സിയുടെ കരാര്‍ അടുത്ത വര്‍ഷം വരെയാണ്. ഇതിനോടനുബന്ധിച്ചാണ് അധികൃതര്‍ കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് മെസ്സിയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. പക്ഷേ ചര്‍ച്ച വേണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ജനുവരിയില്‍ ബാഴ്സ മുന്‍ പരിശീലകന് ഏണസ്റ്റോ വാര്‍വെര്‍ദയെ പുറത്താക്കിയതിനു കാരണം താനാണെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളുടെ പേരില്‍ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ബാഴ്സ ടീമിന്റെ കാര്യത്തിലും മെസ്സി സന്തുഷ്ടനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്ലബ്ബിലെ മുന്‍നിര താരങ്ങളുടെ വേതനം 70 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരേ മെസ്സി രംഗത്തുവന്നിരുന്നു. വേതനം വെട്ടിക്കുറയ്ക്കാന്‍ മാനേജ്മെന്റ് നടത്തിയ നീക്കത്തിനെതിരേ മെസ്സി പരസ്യമായാണ് രംഗത്തുവന്നത്.
കളിക്കാരുടെ സഹകരണമില്ലാത്തതുകൊണ്ടാണ് ബാഴ്സലോണയുടെ മുന്‍ കോച്ച് ഏണസ്റ്റോ വാല്‍വെര്‍ദെയെ പുറത്താക്കേണ്ടിവന്നതെന്ന് ഫുട്ബോള്‍ ഡയറക്ടര്‍ എറിക് അബിദാല്‍ ഈയിടെ പറഞ്ഞതും വിവാദമായിരുന്നു. ഇതിനെതിരെയും താരം പരസ്യമായി പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: