അടുത്ത കാലത്ത് മുംബൈയേയും സമീപ പ്രദേശങ്ങളെയും പിടിച്ചുകുലുക്കിയ സംഭവമായിരുന്നു പിഎംസി ബാങ്ക് എന്നപഞ്ചാബ് ആന്‍ഡ് മഹാരാഷ്‌ട്ര കോഓപ്പറേറ്റീവ് ബാങ്കിന്റെ പതനം. വഴിവിട്ട് വായ്പകള്‍ കൊടുത്ത് അടച്ചുപൂട്ടേണ്ടിവന്ന ബാങ്ക് നഷ്ടപ്പെടുത്തിയത് ആയിരക്കണക്കിന് സാധാരണക്കാരുടെസമ്പാദ്യ, നിക്ഷേപങ്ങള്‍ ആയിരുന്നു. പണം പോയതിന്റെ ദുഃഖത്തില്‍ കുറെ പേര്‍ ആത്മഹത്യ ചെയ്തു. ഇത് മൂലം നമ്മുടെ സഹകരണ ബാങ്കിങ് മേഖലയ്‌ക്ക് മൊത്തം മങ്ങലേറ്റു. മാത്രമല്ല മഹാരാഷ്‌ട്ര പോലെ ഉള്ള സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളില്‍ ജനങ്ങളുടെ വിശ്വാസം തകര്‍ന്നു. ഇതിന്റെ പഴി റിസര്‍വ് ബാങ്കിനും ഭരണകൂടത്തിനും കേള്‍ക്കേണ്ടിയും വന്നു. ഇന്ത്യയിലെ വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍, സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ പൂര്‍ണമായ അധികാര പരിധിയില്‍ വരുന്നവയായിരുന്നില്ല. സംസ്ഥാനങ്ങളുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഇവയുടെ പ്രവര്‍ത്തനം. വ്യാപകമായ രാഷ്‌ട്രീയ ഇടപെടലുകള്‍ ഈ മേഖലയില്‍ ഉണ്ടുതാനും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലുള്ള വാണിജ്യ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ബാങ്കൊന്നിനു അഞ്ചു ലക്ഷം രൂപ വരെ പരിരക്ഷ കിട്ടുമ്പോള്‍ സഹകരണ ബാങ്കുകളുടെ നിക്ഷേപകര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ല. അതാത് സംസ്ഥാനങ്ങള്‍ നല്‍കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് നിക്ഷേപകര്‍ക്കുള്ള പരിരക്ഷ. സഹകരണ ബാങ്കുകള്‍ തകരുമ്പോള്‍ അതിന്റെ ആഘാതം സാമ്പത്തിക മേഖലയെ മുഴുവനായും ബാധിക്കുകയും ചെയ്യും. നിലനില്‍ക്കുമ്പോള്‍ ”ലോക്കല്‍”, വീഴുമ്പോള്‍ ”നാഷണല്‍” എന്നത് ആണ് സഹകരണ ബാങ്കുകളുടെ സ്വഭാവം.
എല്ലാ ‘ബാങ്കും’ ബാങ്കല്ല
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബാങ്കിങ് നിയന്ത്രണ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ചു റിസര്‍വ് ബാങ്കിന്റെ അനുമതിയോടു കൂടി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും മാത്രമേ ”ബാങ്ക്” എന്ന പേര് ഉപയോഗിക്കാന്‍ പറ്റൂ. ഇവ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തിന് നേരിട്ട് വിധേയമാകും. വാണിജ്യ ബാങ്കുകളെ പോലെ തന്നെ ഇവയും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക പരിശോധനയ്‌ക്കു വിധേയമാകും. ഇതിന്റെ ഗുണം സാധാരണക്കാരായ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്കാണ് ലഭിക്കുക. ഇനി അഞ്ചു ലക്ഷം വരെയുള്ള പരിരക്ഷ ഓരോ ബാങ്കിലെ നിക്ഷേപകര്‍ക്കും പ്രത്യേകം ലഭിക്കും. കോവിഡ് അനുബന്ധ അടച്ചിടലിന് മുമ്പായി ഈ ഭേദഗതി ലോകസഭയില്‍ കൊണ്ടുവന്നെങ്കിലും അത് പാസ്സാക്കി എടുക്കാന്‍ സാധിച്ചില്ല. അത് കൊണ്ടാണ് ഓര്‍ഡിനന്‍സ് വഴി ഈ ഭേദഗതി നടപ്പാക്കിയത്.
ആര്‍ബിഐ മേല്‍നോട്ടം ഗുണകരം
കേരളത്തിലെ സഹകരണ ബാങ്കുകള്‍ ഈ അടുത്ത കാലത്താണ് സംയോജനത്തിന് വിധേയമായത്. കേരള ബാങ്ക് എന്ന പേരില്‍ പുതിയ സഹകരണ ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. പ്രൊഫ എം. എസ് ശ്രീരാം കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് സഹകരണ ബാങ്കുകളുടെ സംയോജനം നടന്നിട്ടുള്ളത്. ഏകദേശം 1,38,000 കോടി രൂപയുടെ നിക്ഷേപവും 77,000 കോടി രൂപയോളം വായ്പകളും ആണ് കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് (സിംഹ ഭാഗവും സര്‍വീസ് കോ-ഓപ്പറേറ്റീവ് ”ബാങ്കു”കളുടെയാണ്) ഉള്ളത്. ഇത്രയും വലിയ തുകകള്‍ കൈകാര്യം ചെയ്യുന്ന മേഖലയ്‌ക്ക് റിസര്‍വ് ബാങ്കിന്റെ ഒരു നോട്ടം ഉണ്ടാവുന്നത് സംസ്ഥാനത്തിനും ദീര്‍ഘകാലത്തില്‍ ഗുണം ചെയ്യും. ഈ പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ചു സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ കേരളത്തിലും മാറ്റങ്ങള്‍ വരുമെന്നുള്ളതില്‍ സംശയം ഇല്ല.
അടിസ്ഥാനപരമായി സംസ്ഥാനത്തിന്റെ കോഓപ്പറേറ്റീവ് സൊസൈറ്റിസ് ആക്റ്റും ബാങ്കിങ് റെഗുലേഷന്‍ ആക്റ്റും തമ്മില്‍ വ്യത്യാസങ്ങളും ചേര്‍ച്ചയില്ലായ്മയും ഉണ്ട്. ഈ പ്രശനം രമ്യമായി, സംസ്ഥാനത്തിന്റെ സഹകരണ സാമ്പത്തിക മേഖലയ്‌ക്ക് കോട്ടം തട്ടാത്ത രീതിയില്‍, പരിഹരിക്കാന്‍ സാധിക്കണം. ക്രിയാത്മകമായി ഈ കേന്ദ്ര നടപടിയോട് പ്രതികരിക്കുകയാണ് നമുക്ക് ചെയ്യാനുള്ളത്. മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു മെച്ചപ്പെട്ട രീതിയില്‍ ആണ് കേരളത്തിലെ സഹകരണ മേഖല പ്രവര്‍ത്തിക്കുന്നത് എന്ന് അവകാശ വാദം ഉണ്ടെങ്കിലും കൂടുതല്‍ കാര്യക്ഷമമായും പ്രൊഫഷനലായും സഹകരണ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. രാഷ്‌ട്രീയ ഇടപെടല്‍ പൂര്‍ണമായും ഒഴിവാക്കി പക്ഷെ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി തന്നെ സഹകരണ മേഖലയിലെ ബാങ്കായ കേരള ബാങ്കിന് മുന്നേറുവാന്‍ സാധിക്കും.
(പൊതുമേഖല ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: