തിരുവനന്തപുരം: ശിവഗിരി സർക്യൂട്ട് പുനഃസ്ഥാപിക്കുവാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ് പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് പദ്ധതി ഇടയ്ക്കുവച്ച് കേരളത്തിന് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടായത്.
സ്വദേശി ദർശൻ പദ്ധതിയിൽ 100 കോടി രൂപയ്ക്കുള്ളിലുള്ള പ്രോജക്റ്റുകളാണ് ഉൾപ്പെടുത്തേണ്ടത്. എന്നാൽ തുടക്കത്തിൽ 330 കോടിയുടെ പദ്ധതിയും പിന്നീട് 118 കോടിയുടെ പദ്ധതിയും സമർപ്പിച്ച് ശിവഗിരി സർക്യൂട്ട് കേരളത്തിന് ലഭിക്കുവാനുള്ള സാധ്യതയ്ക്ക് തുരങ്കം വയ്ക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. സംസ്ഥാന സർക്കാരിനെതിരെ ബിജെപി നടത്തിയ സമരങ്ങളുടെയും കേന്ദ്ര സർക്കാരിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ മുഖേന നടത്തിയ സമ്മർദങ്ങളുടെയും ഫലമായാണ് ഇപ്പോൾ ശിവഗിരി സർക്യൂട്ട് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്.
പതിറ്റാണ്ടുകളോളം കേരളം ഭരിച്ചിട്ടും ശിവഗിരിക്കു വേണ്ടി പറയത്തക്ക വികസന പരിപാടികൾ നടപ്പിലാക്കാൻ എൽഡിഎഫിനും യുഡിഎഫിനും കഴിഞ്ഞിട്ടില്ല. ബിജെപിയുടെ സമ്മർദത്തിന്റെ ഫലമായി പുനഃസ്ഥാപിച്ച ശിവഗിരി സർക്യുട്ടിന്റെ പേരിൽ മേനി നടിക്കുവാനുള്ള തരംതാഴ്ന്ന രാഷ്ട്രീയനാടകങ്ങളിൽ നിന്നും കടകംപള്ളി സുരേന്ദ്രനും എൽഡിഎഫും പിൻമാറണമെന്നും രാജേഷ് ആവശ്യപ്പെട്ടു. ശിവഗിരി സർക്യൂട്ട് നടപ്പിലാക്കുന്നതിലൂടെ ശിവഗിരി മാത്രമല്ല പത്മനാഭസ്വാമി ക്ഷേത്രവും അരുവിപ്പുറവും ചെമ്പഴന്തിയും ഉൾപ്പെടെ തെക്കൻ കേരളത്തിലെ തീർഥാടന കേന്ദ്രങ്ങൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭ്യമാകുമെന്നും വി.വി. രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: