കോഴിക്കോട്: 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് ചൈനയ്ക്കുള്ള സാങ്കേതിക മുന്നറിയിപ്പാണെന്ന് സൈബര്‍ വിദഗ്ധന്‍ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് പറഞ്ഞു. ഇത് സാങ്കേതിക രംഗത്ത് ഇന്ത്യക്ക് മുന്നേറാനുള്ള അവസരം കൂടിയാണ്. പകരം ആപ്പുകള്‍ ഉണ്ടാക്കാനുള്ള സാങ്കേതിക ശേഷി ഇന്ത്യക്കുണ്ട്. അവ ഇന്ത്യക്കാരുടെയിടയില്‍ പ്രചരിപ്പിക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കണം.
ഈ നിരോധനത്തില്‍ ഒരു തിരിച്ചടിക്ക് സാധ്യതയുണ്ട്. ചൈനീസ് ആപ്പുകളുടെ ബ്രാന്‍ഡുുകളാണ് നിരോധിച്ചിരിക്കുന്നത്. ചൈനീസ് ആപ്പുകള്‍ മൊത്തമായല്ല. അവ മറ്റൊരു പേരില്‍ വീണ്ടും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ രംഗത്ത് വരാന്‍ സാദ്ധ്യതയുണ്ട്. ചൈനയൊഴികെയുള്ള മറ്റു രാജ്യങ്ങളിലെ സമാന ആപ്പുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് കൈയടക്കുകയെന്നതായിരിക്കും മറ്റൊരു അപകടസാദ്ധ്യത. ഇത് രണ്ടിനുമുപരിയായി ഇന്ത്യന്‍ സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനായിരിക്കണം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിനോദത്തിനാണെങ്കില്‍ പോലും ചൈനീസ് ആപ്പുകളുടെ വ്യാപക ഉപയോഗം രാജ്യസുരക്ഷയ്ക്കടക്കം അപകടകരമാണ്. ഈ ആപ്പുകള്‍ ഉപയോഗിക്കുന്ന ഓരോ പൗരന്റേയും അടിസ്ഥാന വിവരങ്ങള്‍ ചൈനയ്ക്ക് ലഭിക്കുകയാണ്. ഈ ആപ്പുകളിലൂടെ കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ അനലിറ്റിക്സ് ചെയ്യാം. ഇതിലൂടെ, ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു സ്വഭാവ ഘടനയെകുറിച്ചോ പൗരസമൂഹത്തിന്റെ സ്വഭാവ സവിശേഷതകളെകുറിച്ചോ അറിയാന്‍ കഴിയുന്നു. ഇത് ചൈനയോ മറ്റു രാജ്യങ്ങളോ നിക്ഷിപ്ത താത്പര്യത്തോടെ ഉപയോഗിച്ചെന്ന് വരാം. അതുവഴി, രാജ്യത്ത് സാമൂഹിക അരക്ഷിതാവസ്ഥയടക്കം സൃഷ്ടിക്കാന്‍ ശത്രുരാജ്യങ്ങള്‍ക്ക് കഴിയും. രാജ്യത്ത് ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളെ പോലും അട്ടിമറിക്കാന്‍ ഇതിലൂടെ കഴിയും. ഇതെല്ലാം മറികടക്കാനായി ഇന്ത്യന്‍ കമ്പനികള്‍ സമാന ആപ്പുകള്‍ ഉണ്ടാക്കി പ്രചരിപ്പിക്കാന്‍ ശ്രമിക്കണം. ഈ നിരോധനം അതിന് വഴിവെക്കേണ്ടതാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: