നീലേശ്വരം: ഈ മഴക്കാലത്തും തൈക്കടപ്പുറം അഴിത്തല നിവാസികള്‍ കുടിക്കാന്‍ ഉപ്പ് വെള്ളം മാത്രം. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നടപ്പിലാക്കിയ അഴിത്തല ജലനിധിഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നോക്കുകുത്തിയായതോടെയാണ് ഉപ്പുവെള്ളത്തെ ആശ്രയിക്കേണ്ടി വന്നത്. 140 കുടുംബങ്ങളാണ് ഇതോടെ ഗതികേടിലായത്. അഴിത്തല പ്രദേശം മുമ്പ് പടന്ന പഞ്ചായത്തിലായിരുന്നപ്പോഴാണ് ഈ പദ്ധതി ആരംഭിച്ചത്.
6 വര്‍ഷം മുമ്പ് ലോകബാങ്ക് സഹായത്തോടെ കോടികള്‍ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിക്കായി സ്ഥാപിച്ച കൂറ്റന്‍ വാട്ടര്‍ ടാങ്ക്, ഉയര്‍ന്ന എച്ച്.പി.മോട്ടോര്‍, ഉപ്പു കലര്‍ന്ന വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രം ഉള്‍പ്പെടെ ഇപ്പോള്‍ തുരമ്പെടുത്തു. ഇവ സ്ഥാപിച്ചത് ചെന്നൈയിലുള്ള ഒരു സ്വകാര്യ കമ്പനിയായിരുന്നു.
തുടക്കത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് നാട്ടുകാര്‍ക്ക് ശുദ്ധജലം ലഭ്യമാക്കിയിരുന്നുവെങ്കിലും പിന്നീട് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതോടെ ജല വിതരണം മുടങ്ങി. അറ്റകുറ്റ പണികള്‍ തീര്‍ക്കാന്‍ ചെന്നൈയിലുള്ള കമ്പനി അധികൃതര്‍ വരാനും തയ്യാറായില്ല. ഇതോടെ ശുദ്ധജല വിതരണ പദ്ധതി പൂര്‍ണമായും നിലച്ചു. മുന്‍ എംപിയാണ് ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇതിനായി രൂപീകരിച്ച നാട്ടുകാരുടെ ജനകീയ കമ്മറ്റി പദ്ധതി നിലച്ച കാര്യം അധികൃതരെ അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കില്ലെന്ന് പറയുന്നു.
അഴിത്തല ഇപ്പോള്‍ നീലേശ്വരം നഗരസഭയില്‍ ഉള്‍പ്പെടുത്തിയിട്ടും പദ്ധതി വീണ്ടും നടപ്പിലാക്കുവാന്‍ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയും തയ്യാറായില്ല.
വേനലില്‍ നഗരസഭ അധികൃതര്‍ ലോറിയില്‍ വെള്ളംഎത്തിച്ചിരുന്നെങ്കിലും എല്ലാ കുടുംബങ്ങള്‍ക്കും പൂര്‍ണമായും ലഭിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: