പേരാമ്പ്ര: തെങ്ങില്‍ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. കൂത്താളി പഞ്ചായത്തിലെ പൈതോത്ത് റോഡിലെ യുവധാര വായനശാലയ്ക്ക് മുന്പില് ഇന്നലെ രാവിലെ ആയിരുന്നു സംഭവം. തെങ്ങുകയറ്റയന്ത്രം ഉപയോഗിച്ച് കയറി തെങ്ങിന്റെ മധ്യത്തില്‍ എത്തിയപ്പോള്‍ അബദ്ധവശാല്‍ കൈ പിടുത്തം വിട്ട് പിറകിലേക്ക് മറിയുകയായിരുന്നു. തെങ്ങിനോട് ചേര്‍ന്ന് യന്ത്രത്തില്‍ തൂങ്ങി നിന്ന പറയന് കുന്നത്ത് രഘുനാഥിനെയാണ് രക്ഷപ്പെടുത്തിയത്. തെങ്ങില്‍ കയറി ഒരു നാട്ടുകാരന് അദ്ദേഹത്തെ താങ്ങി നിര്‍ത്തുകയും ചെയ്തു.
ഏണി ഉപയോഗിച്ച് ഫയര്‍ ഓഫീസര്‍മാര്‍ തെങ്ങിന് മുകളില്‍ കയറി യന്ത്രത്തില്‍ നിന്നും സാഹസികമായി ബെല്‍റ്റ് മുറിച്ച് മാറ്റി ആളെ വേര്‍പെടുത്തി നെറ്റ് ഉപയോഗിച്ച് താഴെയിറക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കാലിനു ചെറിയ പരിക്കല്ലാതെ മറ്റ് പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സ്റ്റേഷന് ഓഫീസര്‍ ടി. ജാഫര്‍ സാദിഖിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എഎസ്ടിഒ സി.എസ്. സജീവന്, എഫ്ആര്‍ഒമാരായ പി. വിനോദന്‍, എ. ഭക്തവത്സലന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എം.പി. സിജു, കെ.എം. ഷിജു, കെ.പി. ബിജു, എന്‍.കെ. സ്വപ്നേഷ്, ഐ.ബി. രാഗിന് കുമാര്‍ , എന്‍.പി. അനൂപ്, കെ. ബിനീഷ് കുമാര്‍, സി.എം. ഷിജു, ഹോം ഗാര്‍ഡ്മാരായ എ.സി. അജീഷ്, സി.പി. അനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: