ബത്തേരി:മാരകായുധങ്ങളുമായി ബത്തേരി പോലീസ് പിടികൂടിയ അഞ്ചംഗസംഘത്തെ റിമാന്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന്നായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. കൂടാതെ ഇവരുടെ പക്കല്‍നിന്നും ലഭിച്ച ആയുധത്തിന്റെ ഉറവിടം സംബന്ധിച്ചും രക്ഷപ്പെട്ട ഒരാള്ക്കുവേണ്ടിയുമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
ശനിയാഴ്ച വൈകിട്ടോടെ പുത്തന്‍കുന്നിന് സമീപത്ത് വെച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി,പുല്‍പ്പള്ളി സ്വദേശികളായ അഞ്ചംഗസംഘം പിടിയിലായത്.പുല്പള്ളി മണല്‍വയല്‍ പൊന്തമാക്കില്‍ പി.എസ്. ലിനിന് (അണ്ണായി 36), പാറക്കടവ് അയനിക്കുഴിയില്‍ ഷൈനു (മൊട്ട 29), ബത്തേരി കുപ്പാടി തണ്ടാശ്ശേരി പി.പി. അക്ഷയ് (കുഞ്ഞൂട്ടന് 22), കൈപ്പഞ്ചേരി ചേനക്കല്‍ സി. യൂനുസ് (35), പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27) എന്നിവരാണ് ബത്തേരി ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടി അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച വൈകിട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുന്നിന് സമീപം പ്രതികള്‍ സഞ്ചരിച്ച വാഹനം പോലിസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിന്നിടെ സംഘത്തിലെ മൂന്ന് പേര് ഓടി രക്ഷപെട്ടു. ഇതില്‍ രണ്ടുപേരെ പോലിസ് പിന്തുടര്ന്ന് പിടികൂടിയെങ്കിലും ഒരാള്‍ രക്ഷപെടുകയായിരുന്നു. വാഹന പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ച കാറിനുള്ളില്‍ നിന്നും വാള്, കത്തികള്‍, കുറുവടികള്‍ തുടങ്ങിയവയും കണ്ടെടുത്തു.
കഴിഞ്ഞ ദിവസം പുല്പള്ളിയില് ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ പ്രതികാരം വീട്ടുന്നതിനായാണ് സംഘം ബത്തേരിയിലെത്തിയതെന്ന് പൊലിസ് പറഞ്ഞു.എസ്.ഐ.മാരായ സണ്ണി തോമസ്,ബി. സുലൈമാന്‍, കെ.സി. മണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ കെ.എം പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു. ജനുവരി 15ന് പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ വാടക വീട്ടില്‍ സംഘടിക്കുകയും അന്വേഷിക്കാനെത്തിയ പോലീസിനെ അക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായ അക്ഷയും സംജാദും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: