കോഴിക്കോട്: വീട്ടിലേക്ക് വഴിയില്ലെന്ന് പറഞ്ഞ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത് നിര്‍ധനയായ വീട്ടമ്മക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന പരാതിയില്‍ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കോഴിക്കോട് ജില്ലാ കളക്ടറും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും പരാതി പൂര്‍ണമായും പരിഹരിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.
ഉള്ളിയേരി സ്വദേശിനി സജ്മി ലിനീഷിന്റെ പരാതിയിലാണ് നടപടി. ഒറ്റമുറി വീടും ഒരു ഷെഡുമാണ് സജ്മി വായ്പയെടുത്ത് നിര്‍മ്മിച്ചത്. വൈദ്യുതി കണക്ഷന് എടുക്കുന്നതിനായി പഞ്ചായത്തില്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കി. വില്ലേജ് ഓഫീസര്‍ നല്കിയ ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വീടിന് വഴി കാണിച്ചിരുന്നില്ല. എന്നാല്‍ വസ്തുവിന്റെ പ്രമാണത്തില്‍ വഴി പറഞ്ഞിട്ടുള്ളതായി പരാതിയില്‍ പറയുന്നു. വഴിയില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു.
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ പരാതിക്കാരിക്ക് വൈദ്യുതി കണക്ഷന് എടുക്കാന്‍ കഴിയുന്നില്ല. പരാതിക്കാരിയുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പ്രമാണത്തില്‍ വഴി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നിഷേധിക്കുന്നത് തെറ്റാണെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: