കൊല്ലം: ക്ഷേത്രോപദേശക സമിതികളെ വരുതിയിലാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം തുടങ്ങി. വരുതിയിലാകാത്ത സമിതികളെ പിരിച്ചുവിടാനാണ് പദ്ധതി. ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണവും ചടങ്ങിന്റെ ഭാഗവുമായിരുന്ന ആനകള്‍ക്കും വിലക്കേര്‍പ്പെടുത്തുന്നു. സിപിഎം നേതാവ് എന്‍. വാസു നയിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ക്ഷേത്രങ്ങളെ വരിഞ്ഞുമുറുക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.
ബോര്‍ഡിന്റെ അനുമതിയില്ലാതെ ക്ഷേത്രങ്ങളില്‍ ഭക്തജനസംഘടനകള്‍ക്കോ ക്ഷേത്രോപദേശക സമിതികള്‍ക്കോ ഒന്നും ചെയ്യാനാവില്ലെന്നാണ് തീരുമാനം. ക്ഷേത്രവരുമാന പഠനസമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്ക് അംഗീകാരം നല്‍കുകയാണെന്ന നിലയിലാണ് നടപടി. ക്ഷേത്രോപദേശക സമിതികള്‍ തന്നെ പിരിച്ചുവിടാനുള്ള ആദ്യ നടപടിയായിട്ടാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. മെയ് അഞ്ചിനാണ് ക്ഷേത്രവരുമാന പഠനസമിതി ബോര്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഫണ്ട് സമാഹരണത്തിലും ചെലവാക്കുന്നതിലും സ്വീകരിക്കേണ്ട നടപടിക്രമങ്ങളില്‍ ചില ഉപദേശകസമിതികള്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ ക്ഷേത്രങ്ങളെയും ബോര്‍ഡ് ഭരിക്കുന്ന രാഷ്ട്രീയക്കാരന്റെ വരുതിയിലാക്കാനുള്ള നീക്കം ആരംഭിച്ചത്. വരുമാനത്തെ കുറിച്ച് പഠിച്ച സമിതിയുടെ നിര്‍ദേശപ്രകാരം സപ്താഹം, നവാഹം, മഹാരുദ്രം തുടങ്ങിയവ ബോര്‍ഡിന്റെ മുന്‍കൂട്ടിയുള്ള അനുമതിയോടെ മാത്രമേ പാടുള്ളൂ. ഫലത്തില്‍ ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന പണം കൊണ്ട് ഭക്തര്‍ നടത്തിയിരുന്ന ക്ഷേത്ര വികസനമടക്കമുള്ളവ ഇനി നടക്കില്ല.
ആനകള്‍ക്കും വിലക്ക്
ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനും ഇനി ആനകള്‍ വേണ്ടെന്നും തീരുമാനമുണ്ട്. എഴുന്നള്ളിപ്പ്, പള്ളിവേട്ട തുടങ്ങിയവയുടെ അകമ്പടിയില്‍ നിന്ന് ആനകളെ പൂര്‍ണമായും ഒഴിവാക്കും. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള പിരിവിനും ഇനി ക്ഷേത്രോപദേശക സമിതികള്‍ക്ക് അവകാശമില്ല. സാധാരണ കര അനുസരിച്ച് വരി പിരിച്ച് നടത്തിയിരുന്ന ക്ഷേത്രകാര്യങ്ങളെല്ലാം ഇതോടെ മുടങ്ങും. പിരിവ് ബോര്‍ഡ് നേരിട്ട് നടത്തും. ഉത്സവവും ആട്ടവിശേഷവുമെല്ലാം ചടങ്ങുകള്‍ മാത്രമാക്കാനും അവ ബോര്‍ഡ് നേരിട്ട് നടത്താനുമാണ് നീക്കം. അതിനായി നിലവിലുള്ള ബൈലോ ഭേദഗതി ചെയ്യാന്‍ ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തി.
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍ വേണമെന്നുണ്ടെങ്കില്‍ പിരിവുകൂടാതെ സ്വന്തം ചെലവില്‍ നടത്താമെന്നാണ് ബോര്‍ഡ് നിര്‍ദേശം. കൊറോണക്കാലത്ത് മുടങ്ങിയ ഉത്സവങ്ങളുടെ നടത്തിപ്പിന് ഉപദേശകസമിതികള്‍ പിരിച്ച പണം ബാങ്കില്‍ നിക്ഷേപിക്കുന്നതിനും ബോര്‍ഡിന്റെ അനുമതിക്ക് അനുസരിച്ച് ചെലവാക്കുന്നതിനുമായി അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തി. കൊറോണക്കാലത്തേക്കുള്ള നടപടികളെന്ന മറപിടിച്ചാണ് പുതിയ നീക്കങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: