ലണ്ടന്‍: ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തിന് തൊട്ടരികില്‍. ക്രിസ്റ്റല്‍ പാലസിനെ മടക്കമില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ചെമ്പട കിരീടത്തിനരികില്‍ എത്തിയത്. പോയിന്റ് നിലിയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റി നിര്‍ണായക മത്സരത്തില്‍ ചെല്‍സിയെ കീഴടക്കിയിലെങ്കില് അടുത്ത മത്സരം കളിക്കാതെ തന്നെ ലിവര്‍പൂളിന് കിരീടം സ്വന്തമാകും.
മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ തോല്‍പ്പിച്ചാല്‍ ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാന്‍ അടുത്ത മത്സരം വരെ കാത്തിരിക്കണം. ജൂലൈ രണ്ടിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം.
അലക്സാണ്ടര്‍-അര്‍നോള്‍ഡ്, മുഹമ്മദ് സല, ഫാബീഞ്ഞോ, സാദിയോ മാനെ എന്നിവരുടെ ഗോളുകളിലാണ് ലിവര്‍പൂള്‍ ക്രിസ്റ്റല്‍ പാലസിനെതിരെ വിജയം നേടിയത്. ഈ വിജയത്തോടെ മുപ്പത്തിയൊന്ന് മത്സരങ്ങളില്‍ 86 പോയിന്റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് മുപ്പത് മത്സരങ്ങളില്‍ അറുപത്തിമൂന്ന് പോയിന്റാണുള്ളത്.
ഞായറാഴ്ച എവര്‍ട്ടനെതിരായ മത്സരത്തില്‍ സമനില പിടിച്ച ലിവര്‍പൂള്‍ ഇന്നലെ തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. ഇരുപത്തിമൂന്നാം മിനിറ്റില്‍ ഫ്രീകിക്ക് ഗോളിലേക്ക്് തിരിച്ചുവിട്ട് അലക്സാണ്ടര്‍- അര്‍നോള്‍ഡ് സ്കോറിങ് തുടങ്ങി. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ മുഹമ്മദ് സല ലീഡ് 2-0 ആക്കി. ഈ സീസണില്‍ മുഹമ്മദ് സലയുടെ ഇരുപത്തിയൊന്നാം ഗോളാണിത്.
അമ്പത്തിയഞ്ചാം മിനിറ്റില്‍ ഫാബിനോ ലക്ഷ്യം കണ്ടു. മുപ്പത്വാര അകലെ നിന്ന് എടുത്ത ഷോട്ട് വലയില്‍ കയറുകയായിരുന്നു. ലിവര്‍പൂള്‍ 3-0 ന് മുന്നില്‍. അറുപത്തിയൊമ്പതാം മിനിറ്റില്‍ സാദിയോ മാനെ നാലാം ഗോളും നേടി ലിവര്‍പൂളിന് വിജയം സമ്മാനിച്ചു.
മറ്റൊരു മത്സരത്തില്‍ ആന്റണി മാര്‍ഷ്യലിന്റെ ഹാട്രിക്കില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഷെഫീല്‍ഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: