‘നിങ്ങള്‍ക്ക് ശങ്കരാചാര്യരുടെ
ശിരസ്സ് ഉണ്ടാവട്ടെ
നിങ്ങള്‍ക്ക് ബുദ്ധന്റെ
ഹൃദയമുണ്ടാവട്ടെ
നിങ്ങള്‍ക്ക് ജനകമഹാരാജാവിന്റെ
കൈകള്‍ ഉണ്ടാവട്ടെ
അപ്പോള്‍, അപ്പോള്‍ മാത്രം
സമ്പൂര്‍ണ മനുഷ്യര്‍ നിങ്ങള്‍! ‘
ഭഗവന്‍ ശ്രീസത്യസായി ബാബയുടെ ഒരു ദിവ്യപ്രഭാഷണത്തിന്റെ തുടക്കത്തിലെ തെലുഗു കവിത മൊഴിമാറ്റിയതാണു മുകളില്‍. ശങ്കരാചാര്യരുടെ ബുദ്ധി ശക്തിയുണ്ടാവുക. ശ്രീബുദ്ധദേവന്റെ കരുണയുണ്ടാവുക. ജനകമഹാരാജാവിന്റെ ദാനശീലമുണ്ടാകുക. സാര്‍വത്രികവും സമഗ്രവുമായ ജീവിതത്തിനുണ്ടാവേണ്ട മൂല്യങ്ങളാണ് ഇവയെന്ന് വിവക്ഷ. മൂല്യാധിഷ്ഠിതമായ ജീവിതത്തിനു മാത്രമേ അര്‍ഥവും ആഴവും ഉണ്ടാവുകയുള്ളൂ. അതു മാത്രമേ കാലദേശാതിവര്‍ത്തിയായ ചരിത്രമാവൂ.
പണം, പദവി, പാണ്ഡിത്യം ഇവയൊന്നുമല്ല മനുഷ്യജന്മത്തെ സഫലമാക്കുന്നത്. മനഃശാന്തിയാണ് അമൂല്യം. ശാന്തിയും സമാധാനവുമാണ് മഹാധനം. അശാന്തിയിലേക്കും അസമാധാനത്തിലേക്കും സ്വയം എടുത്തെറിയപ്പെടാതിരിക്കുക. അസ്വാസ്ഥ്യം, ആകുലത ഇവയൊക്കെ ദുഷ്ടസങ്കല്പ്പങ്ങളുടെ ഫലമാണ്. സദ്ഭാവനകളാവണം മനോനില നിയന്ത്രിക്കേണ്ടത്.
സത്യസായി ബാബ ദിവ്യപ്രഭാഷണം തുടര്‍ന്നു. വീണ്ടും തെലുഗു കവിത. തത്ത്വോദ്ബോധനത്തിനെന്നും എവിടെയും കവിത തന്നെ മികച്ച മാധ്യമം.
‘നിങ്ങള്‍ക്ക് കിടക്ക വാങ്ങാം
പക്ഷെ ഉറക്കം വാങ്ങാനാവില്ല
നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങാം
പക്ഷെ വിശപ്പ് വാങ്ങാനാവില്ല
നിങ്ങള്‍ക്ക് പുസ്തകം വാങ്ങാം
പക്ഷെ ബുദ്ധി വാങ്ങാനാവില്ല
നിങ്ങള്‍ക്ക് മരുന്നു വാങ്ങാം
പക്ഷെ ആരോഗ്യം വാങ്ങാനാവില്ല
നിങ്ങള്‍ക്ക് ആഡംബരങ്ങള്‍ വാങ്ങാം
പക്ഷെ ആനന്ദം വാങ്ങാനാവില്ല’
വാങ്ങലും കൊടുക്കലുമാണ് ജീവിതം. വാങ്ങാവുന്നതും കൊടുക്കാവുന്നതുമായ സമൃദ്ധ വിഭവങ്ങളാല്‍ സമ്പന്നവുമാണ് ലോകപ്രകൃതി. എന്തും വാങ്ങാന്‍ കഴിയുന്ന കമ്പോള സംസ്കാരത്തിന്റെ ആഗോളവ്യവസ്ഥയില് വാങ്ങാനാവാത്തവകളുമുണ്ട് എന്ന് തിരിച്ചറിയണം. ഭക്ഷണവും മരുന്നും പുസ്തകവുമൊക്കെ നമുക്ക് പുറത്താണ്. ആരോഗ്യവും ബുദ്ധിയുമൊക്കെ അകത്തും. അന്തര്‍ലീനമായ ദിവ്യത്വത്തെ പ്രകടമാക്കുന്നതാവണം ഒരുവന്റെ ചിന്തയും വാക്കും വൃത്തിയും.
മനസ്സിന്റെ ഏതു വികാരവും പരീക്ഷണവിധേയമാകണം. അപഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും ബുദ്ധി ഉപയോഗിക്കരുത്. കുടിലതകള്‍ക്കും കുത്സിത വൃത്തികള്ക്കുമായി ബുദ്ധിശക്തി വിനിയോഗിക്കപ്പെടുമ്പോള്‍ നിഹനിക്കപ്പെടുന്നത് നീതിയാണ്. നൈതികത നഷ്ടമാകുമ്പോള്‍ വെറുപ്പും വൈരവുമാകും സമാജത്തില്‍ വളരുക. ഇത് വ്യസനകരമായ രോഗാവസ്ഥയാണ്.
സൂര്യന് സമുദ്രത്തില്‍ നിന്നും ജലമെടുത്ത് മഴയാക്കി നല്കുന്നു. ഉപ്പുവെള്ളത്തെ ശുദ്ധജലമാക്കി സൗരോര്‍ജം ഉദാത്തീകരിക്കുകയും ചെയ്യുന്നുണ്ട്. കൊടിയ ചൂട് ശിരസ്സിലേറ്റി മരങ്ങള്‍, പകരം തണല്‍ തരുന്നു. ഇവ ശ്രേയസ്സിന്റെ പ്രകൃതി പാഠം. വിശ്വപ്രകൃതിയുടെ ഈ കൊടുക്കല്‍ വാങ്ങലുകള്‍ ജീവിതത്തിന്റെ നിദര്ശനമാവണം.
ആവശ്യമായതിന്റെ സമ്പാദനമാണ് ലൗകികാര്ഥത്തില് യോഗം. സമ്പാദിക്കുന്നവയുടെ സംരക്ഷണമാണ് ക്ഷേമം. യോഗക്ഷേമങ്ങളില്‍ പുലരേണ്ടുന്ന മാനവധര്‍മം ത്യാഗമാണ്. ത്യാഗമാണ് വേണ്ടത്. ഭോഗമല്ല. ത്യാഗഭൂമി ഒരിക്കലും ഭോഗഭൂമിയാവരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: