കൊച്ചി: കേരളാ പോലീസിന്റെ ‘പിടികിട്ടാപ്പുള്ളി’യായ സിപിഎം ആക്ടിവിസ്റ്റ് രഹന ഫാത്തിമ ലൈവ് ചാനല്‍ ചര്‍ച്ചയില്‍. പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നു രാവിലെ രഹ്നഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തിയിരുന്നു. രഹ്നഫാത്തിമ ഒളിവില്‍ പോയെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് വൈകിക്കാന്‍ ഒത്തുകളിക്കുകയായിരുന്നു. എന്നാല്‍, രാത്രി എട്ട് മണിക്ക് മനോരമ ചാനലിലെ കൗണ്ടര്‍ പോയിന്റിലാണ് രഹ്ന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍, പോലീസ് ഇവരെ പിടികൂടാന്‍ തയാറായിട്ടില്ല.
ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി. പനമ്പള്ളിനഗറില്‍ ഇവര്‍ താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സില്‍ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. കുട്ടികള്‍ക്ക് മുന്നിലുള്ള നഗ്നതാ പ്രദര്‍ശനം കൂടി ഉള്‍പ്പെട്ട സംഭവത്തില്‍ പോക്സോ നിയമപ്രകാരം കേസെടുക്കാനാണ് ബാലാവകാശ കമ്മിഷന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രംവരയ്ക്കാന്‍ വിട്ടുനല്‍കിയതിന്റെ ദൃശ്യങ്ങള്‍ രഹ്ന ഫാത്തിമ തന്നെയാണ് കഴിഞ്ഞ ദിവസം സാമൂഹ മാധ്യങ്ങളിലുടെ പുറത്തുവിട്ടത്. ബോഡി ആന്‍ഡ് പൊളിറ്റിക്സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനതിരെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനായ എ.വി. അരുണ്‍ പ്രകാശ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
പോലീസ് നടത്തിയ തെരച്ചിലില്‍ വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിങ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോക്സോ ആക്ട് സെക്ഷന്‍ 13, 14, 15 എന്നിവയും ഐടി ആക്ടും പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇന്‍സ്പെക്ടര്‍ അനീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: