കൊല്ലം: ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ യൂണിറ്റിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ബോട്ടുകളില്‍ നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ എന്നീ രോഗങ്ങള്‍ പരത്തുന്ന കൂത്താടികളെ കണ്ടെത്തി. കായലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകള്‍ക്കുള്ളില്‍ സൂക്ഷിച്ച ടയറുകളിലും ടാങ്കുകളിലും ഇരുവശങ്ങളില്‍ കെട്ടിയിട്ടിരിക്കുന്ന ടയറുകളിലുമാണ് കൂത്താടികളെ ധാരാളമായി കണ്ടെത്തിയത്. മഴക്കാല രോഗങ്ങള്‍ക്കെതിരെ നടത്തിയ പരിശോധനയാണിത്.
തോപ്പില്‍ക്കടവ് മുതല്‍ മാമൂട്ടില്‍കടവ് വരെയുള്ള 81 ബോട്ടുകളാണ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. ബോട്ടിലുïായിരുന്ന 3,255 ടയറുകളില്‍ 3,160 ലും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകിന്റെയും മലേറിയ പരത്തുന്ന അനോഫലീസ് കൊതുകിന്റെയും ലാര്‍വകളെ കണ്ടെത്തി. വെള്ളം ശേഖരിച്ചുവയ്ക്കുന്ന 228 വലിയ ടാങ്കുകളില്‍ 195ലും രോഗം പരത്തുന്ന ലാര്‍വകളെ കണ്ടെത്തി. ഇവിടങ്ങളില്‍ കൂത്താടി നശീകരണതരികളും ലായനിയും ഒഴിച്ചാണ് ലാര്‍വകളെ നശിപ്പിച്ചത്. ഈഡിസ് പെണ്‍കൊതുകുകള്‍ക്ക് 100 മുതല്‍ 500 മീറ്റര്‍ ദൂരം പറന്ന് രോഗം പരത്താന്‍ കഴിവുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടാങ്കുകളില്‍ വെള്ളം കെട്ടിനിര്ത്തരുതെന്നും ദ്വാരമുള്ള ടയറുകള്‍ ഉപയോഗിക്കാനും നേരത്തെ ഇവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ബോട്ടുടമകള്‍ക്കും ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. വെള്ളം കെട്ടിനിര്‍ത്തി ലാര്‍വകളെയും കൊതുകിനെയും വളര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കി.
ജില്ലാ വെക്ടര്‍ കണ്ട്രോള് യൂണിറ്റ് ബയോളജിസ്റ്റ് സജുതേര്‍ഡ്, ഫൈലേറിയ ഇന്‍സ്പെക്ടര്‍മാരായ പി.ആര്. ബാലഗോപാല്‍, കെ. ബാബുരാജ്, എ. രാധാകൃഷ്ണന്‍നായര്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ വി.ജി. മനോജ്, സി. വിജയകുമാര്‍, പി. വില്‍ഫ്രഡ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: