തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വാരികയ്ക്ക് പണം നല്കി കേന്ദ്ര സ്ഥാപനമായ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍സിഇഎസ്എസ്). സ്ഥാപനത്തിലെ മുതിര്‍ന്ന മാനേജറുടെ ഒത്താശയോടെയാണ് കേന്ദ്ര പദ്ധതിയേയും പ്രധാനമന്ത്രിയെയും വിമര്‍ശിക്കാന്‍ കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ സംഘടനയുടെ മുഖപത്രത്തിന് പണം നല്‍കിയിരിക്കുന്നത്. കേരളാ സെക്രട്ടറിയേറ്റ് അസോസിയേഷന്റെ മുഖപത്രമായ സമഷ്ടിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നയത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അപമാനിച്ചു കൊണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം, പ്രകൃതിദുരന്തങ്ങള്‍, ഭൂമിയുടെ രഹസ്യങ്ങള്‍ അതിന്റെ പ്രക്രിയകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പഠനം നടത്തുന്ന കേന്ദ്ര സ്ഥാപനമാണ് എന്‍സിഇഎസ്എസ്. 2014 വരെ സ്ഥാപനം കേരളാ സര്‍ക്കാരിന് കീഴിലായിരുന്നു. അതിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതിന് വലത് അനുകൂല പ്രസിദ്ധീകരണമായ സമഷ്ടി എന്ന പുസ്തകത്തിന് പരസ്യ ഇനത്തില്‍ 50000 ത്തോളം രൂപയാണ് എന്‍സിഇഎസ്എസ് നല്‍കിയിരിക്കുന്നത്. പുസ്തകത്തില്‍ മോദി സര്‍ക്കാര്‍ ഭാരതത്തെ തുലയ്ക്കുന്നു എന്ന തരത്തില്‍ തലക്കെട്ടോടെയാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെ വരെ ലേഖനം ചോദ്യം ചെയ്യുന്നു. പ്രധാനമന്ത്രിയെ അപമാനിക്കുന്നതിനൊപ്പം തന്നെ രാജ്യവിരുദ്ധ സന്ദേശവും ലേഖനം നല്കുന്നു. സാധാരണ ഇത്തരം പുസ്തകങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് തലത്തില്‍ പരിശോധിച്ച് തയ്യാറാക്കി സ്ഥാപന ഡയറക്ടര്‍ക്ക് കൈമാറുകയാണ് പതിവ്. എന്നാല്‍ കുറഞ്ഞ തുകകള്‍ പരസ്യ ഇനത്തില്‍ നല്‍കുന്നതിന് അഡ്മിനിസ്ട്രേഷന് തന്നെ തീരുമാനങ്ങള്‍ കൈകൊള്ളാം. മുമ്പും വലതുപക്ഷ അനുകൂല സംഘടനകള്‍ക്ക് കോടിക്കണക്കിന് രൂപ പരസ്യത്തിനായി അഡ്മിനിസ്ട്രേറ്റ് തലത്തിന്റെ ഇടപെടല്‍ മൂലം നല്‍കിയിട്ടുണ്ട്.
വസുധൈവ കുടുംബകം എന്ന ആപ്തവാക്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സാംസ്കാരത്തേയും ദേശീയതയേയും അപമാനിക്കുന്ന വാരികയ്ക്കും സംഘടനകള്‍ക്കും പ്രോത്സാഹനം നല്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്സിഇഎസ്എസ്സിലെ മുന്‍ ഡയറക്ടര്‍ പൂര്‍ണ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ സംഘടനകള്‍ക്ക് വഴി വിട്ട രീതിയില്‍ കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ടെന്ന ആക്ഷേപം നിലവിലുണ്ട്. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വിനിയോഗിക്കേണ്ട പണം രാഷ്ട്രീയ സംഘടനകള്‍ക്ക് നല്‍കിയത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: